ധോനിയെ പോലെ ആര്‍ക്കും കളിക്കാനാവില്ല, ആ ചിന്ത ഉപേക്ഷിച്ചേക്കൂ; അടുത്ത ധോനിയെന്ന വിലയിരുത്തല്‍ തള്ളി സഞ്ജു

ധോനിയെ പോലെ ആര്‍ക്കും കളിക്കാനാവില്ല, ആ ചിന്ത ഉപേക്ഷിച്ചേക്കൂ; അടുത്ത ധോനിയെന്ന വിലയിരുത്തല്‍ തള്ളി സഞ്ജു

'എനിക്ക് എന്ത് ചെയ്യാനാവും, എത്ര നന്നായി ചെയ്യാനാവും, എങ്ങനെ കളി ജയിക്കാനാവും എന്നതെല്ലാമാണ് എന്റെ ചിന്ത'

ദുബായ്: ഐപിഎല്ലില്‍ തുടരെ രണ്ടാമത്തെ കളിയിലും സഞ്ജു മികവ് കാണിച്ചതോടെ ഇന്ത്യയുടെ അടുത്ത ധോനി എന്ന വിലയിരുത്തല്‍ ശക്തമായി. എന്നാല്‍, ധോനിയെ പോലെ കളിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പറയുകയാണ് സഞ്ജു. 

ധോനിയെ പോലെ കളിക്കാന്‍ ആര്‍ക്കുമാവില്ല. ആരും അങ്ങനെ ചിന്തിക്കരുത്. ധോനിയെ പോലെ കളിക്കുക എളുപ്പമല്ല. അതുകൊണ്ട് ആ ചിന്ത ഉപേക്ഷിച്ചേക്കു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് ധോനി. ക്രിക്കറ്റിലെ ഇതിഹാസമാണ് ധോനി. എന്റെ കളിയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. എനിക്ക് എന്ത് ചെയ്യാനാവും, എത്ര നന്നായി ചെയ്യാനാവും, എങ്ങനെ കളി ജയിക്കാനാവും എന്നതെല്ലാമാണ് എന്റെ ചിന്ത...കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ മത്സരത്തിന് മുന്‍പായി സഞ്ജു പറഞ്ഞു. 

ചിലപ്പോള്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിക്കാന്‍ എനിക്കായേക്കാം, ചിലപ്പോള്‍ സാധിക്കില്ല. ഞാന്‍ നല്ല ഫോമിലാണ് എന്ന് മാത്രമാണ് എനിക്കിപ്പോള്‍ അറിയാവുന്നത്. ഞാന്‍ കളിക്കുന്ന ടീം ഏതാണോ അതിനെ വിജയങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എന്റെ ശൈലി ഏതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കരുത്തിലും പവര്‍ ഹിറ്റിങ്ങിലുമാണ് ഞാന്‍ കൂടുതല്‍ പരിശീലനം നേടുന്നത്....

മാനസികമായി ഞാനിപ്പോള്‍ നല്ല നിലയിലാണ്. കഴിഞ്ഞ അഞ്ച് ആറ് മാസമായി വീഡിയോ അനലിസ്റ്റുമായി ചേര്‍ന്ന് ഞാന്‍ വിശകലനം ചെയ്യുന്നു. അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ രണ്ട് മത്സരം പിന്നിട്ടപ്പോള്‍ 32 പന്തില്‍ നിന്ന് 74 റണ്‍സ്, 42 പന്തില്‍ നിന്ന് 85 റണ്‍സ് എന്നതാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com