ഏത് വമ്പന്‍ താരം വിരമിച്ചാലും ഇന്ത്യന്‍ ടീമിനെ ബാധിക്കില്ല; കാരണം ചൂണ്ടി മുഹമ്മദ് ഷമി 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രധാനപ്പെട്ട താരം വിരമിച്ചാല്‍ പോലും അത് ടീമിനെ ഒരുവിധത്തിലും ബാധിക്കാന്‍ പോവുന്നില്ലെന്ന് പേസര്‍ മുഹമ്മദ് ഷമി
മുഹമ്മദ് ഷമി/ഫയല്‍ ചിത്രം
മുഹമ്മദ് ഷമി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രധാനപ്പെട്ട താരം വിരമിച്ചാല്‍ പോലും അത് ടീമിനെ ഒരുവിധത്തിലും ബാധിക്കാന്‍ പോവുന്നില്ലെന്ന് പേസര്‍ മുഹമ്മദ് ഷമി. ഞങ്ങളുടെ വിരമിക്കല്‍ സമയം എത്തുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ തയ്യാറായിരിക്കുമെന്ന് ഷമി പറഞ്ഞു. 

എത്ര കൂടുതല്‍ കളിക്കുന്നോ അത്രയും മികവിലേക്കെത്താന്‍ അവര്‍ക്കാവും. ഞങ്ങളുടെ സമയം കഴിയുമ്പോള്‍ ടീമിനുള്ളിലെ മാറ്റങ്ങള്‍ വളരെ ശാന്തമായി നടക്കും. പ്രധാനപ്പെട്ട താരം വിരമിച്ചാല്‍ പോലും ടീം ബുദ്ധിമുട്ടില്ല. കാരണം ബെഞ്ച് റെഡിയാണ്. പരിചയസമ്പത്താണ് ഏറ്റവും പ്രധാനം. യുവതാരങ്ങള്‍ക്ക് അത് ലഭിക്കും, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഷമി പറഞ്ഞു. 

നെറ്റ് ബൗളര്‍മാരെ ബബിളില്‍ ഉള്‍പ്പെടുത്തിയത് വലിയ മാറ്റത്തിന് സഹായിക്കും. അതവര്‍ക്ക് വലിയ സാധ്യതയാണ് നല്‍കുന്നത്. തുറന്ന ചിന്താഗതിയുമായാണ് യുവ താരങ്ങള്‍ വരുന്നത്. അവര്‍ തുറന്ന് സംസാരിക്കുന്നു. വലിയ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ന്യൂ ബോളിലും പഴയ ബോളിലും പന്തെറിയാന്‍ അവര്‍ തയ്യാറാണ്. ഓസ്‌ട്രേലിയയില്‍ അവര്‍ നടത്തിയ പ്രകടനത്തില്‍ നിന്ന് അവരുടെ നയം വ്യക്തമാണ്. 

ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയെ ഒരുവട്ടം തോല്‍പ്പിക്കുക എന്നത് വലിയ നേട്ടമാണ്. എന്നാല്‍ നമ്മള്‍ അത് രണ്ട് വട്ടം ചെയ്തു. അതും സീനിയര്‍ ബൗളര്‍മാര്‍ ടീമിലില്ലാതെ. അത് കാണിച്ച് തരുന്നത് നമുക്ക് യുവതാരങ്ങളെ ആശ്രയിക്കാം എന്നാണ്, ഷമി ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലാണ് ബൗണ്‍സറേറ്റ് ഷമി പരിക്കിന്റെ പിടിയിലേക്ക് വീണത്. ഇംഗ്ലണ്ടിനെതിരായ പരമ്പരകളും ഇതോടെ ഷമിക്ക് നഷ്ടമായി. ഐപിഎല്ലിലൂടെ കളിക്കളത്തിലേക്ക് മടങ്ങി വരാനാണ് ഷമി ലക്ഷ്യം വെക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com