മാതാപിതാക്കളെ ആക്രമിച്ചു, രക്തത്തില്‍ കുളിച്ച് പൊലീസുകാര്‍ക്ക് നേരെ ആക്രോശം; മുന്‍ ഇന്റര്‍ മിലാന്‍  താരം അറസ്റ്റില്‍ (വീഡിയോ)

മാതാപിതാക്കളെ ആക്രമിച്ചു, രക്തത്തില്‍ കുളിച്ച് പൊലീസുകാര്‍ക്ക് നേരെ ആക്രോശം; മുന്‍ ഇന്റര്‍ മിലാന്‍  താരം അറസ്റ്റില്‍ (വീഡിയോ)
ഫ്രെഡി ​ഗ്വാറിൻ/ ട്വിറ്റർ
ഫ്രെഡി ​ഗ്വാറിൻ/ ട്വിറ്റർ

ബൊഗോട്ട: മുന്‍ ഇന്റര്‍ മിലാന്‍ താരവും കൊളംബിയന്‍ ദേശീയ ടീമിലെ മുന്‍ മധ്യനിര താരവുമായിരുന്ന ഫ്രെഡി ഗ്വാറിന്‍ അറസ്റ്റില്‍. മാതാപിതാക്കളേയും മറ്റ് കുടുംബാഗങ്ങളേയും ആക്രമിച്ച സംഭവത്തിലാണ് താരം പിടിയിലായത്. 

താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്ന് കൊണ്ടു പോകുന്നതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് വീഡിയോയില്‍ ഗ്വാറിനെ കാണുന്നത്. പൊലീസുകാര്‍ക്ക് നേരെയും താരം ആക്രോശിക്കുന്നുണ്ട്. 

മറ്റൊരു വീഡിയോയില്‍ പൊലീസ് ബലം പ്രയോഗിച്ച് ഒരു സ്‌ട്രെക്ചറില്‍ കിടത്തി താരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതും അതെല്ലാം തട്ടിമാറ്റി സ്‌ട്രെക്ചറില്‍ നിന്ന് താഴേക്ക് മാറുന്നതും കാണാം. ഈ വീഡിയോയിലും ഗ്വാറിന്‍ വളരെ ദേഷ്യത്തില്‍ സംസാരിക്കുന്നതും വീഡിയോ എടുക്കുന്നവരോട് അത് അവസാനിപ്പിക്കാന്‍ പറയുന്നതും കേള്‍ക്കാം. 

അറസ്റ്റ് ചെയ്യുമ്പോള്‍ താരം ലഹരിക്ക് അടിപ്പെട്ടിരുന്നതായും ഗാര്‍ഹിക പീഡനത്തിനാണ് ഗ്വാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്വാറിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തി താരത്തെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് 34കാരനായ താരം ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആക്രമിച്ചതായും പൊലീസ് പറയുന്നു. 

ഇന്റര്‍ മിലാനായി നാല് വര്‍ഷത്തോളം കളിച്ച താരമാണ് ഗ്വാറിന്‍. പോര്‍ട്ടോ, ബൊക്ക ജൂനിയേഴ്‌സ് ടീമിലും കളിച്ചിട്ടുണ്ട്. നിലവില്‍ കൊളംബിയന്‍ ക്ലബായ മില്ലോനരിയോസിനായി കളിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ടീം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടീമില്‍ നിന്ന് ഗ്വാറിന്‍ മാറി നിന്നത് എന്നും ക്ലബ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com