അക്ഷര്‍ പട്ടേലിന് കോവിഡ്; ഐപിഎല്ലിന് ഒരാഴ്ച മാത്രം; ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി 

അക്ഷര്‍ പട്ടേലിന് കോവിഡ്; ഐപിഎല്ലിന് ഒരാഴ്ച മാത്രം; ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി 
അക്ഷർ പട്ടേൽ/ ഫെയ്സ്ബുക്ക്
അക്ഷർ പട്ടേൽ/ ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. ടീമിലെ നിര്‍ണായക താരവും നിലവില്‍ മിന്നും ഫോമില്‍ കളിക്കുകയും ചെയ്യുന്ന സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. 

പരിശോധനയില്‍ അക്ഷര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചതായി ഡല്‍ഹി ക്യാപിറ്റല്‍സ് അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കി. താരം നിരീക്ഷണത്തിലാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഐസൊലേഷനില്‍ ഇരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഈ മാസം പത്തിന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഡല്‍ഹിയുടെ ആദ്യ മത്സരം അക്ഷറിന് നഷ്ടമാകും.

കോവിഡ് സ്ഥിരീകരിക്കപ്പെട്ട താരം ബയോ ബബിളിന് പുറത്ത് നിരീക്ഷണത്തില്‍ കഴിയണം. പത്ത് ദിവസം എങ്കിലും ഇങ്ങനെ നിരീക്ഷണം കഴിഞ്ഞ് മതിയായ വിശ്രമം എടുത്ത ശേഷം മാത്രമെ പരിശീലനത്തിനടക്കം താരങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുവെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ആദ്യത്തെ ചില മത്സരങ്ങളില്‍ അക്ഷര്‍ ഡല്‍ഹി ടീമിനൊപ്പം ഉണ്ടായിരിക്കില്ല.

ഐപിഎല്‍ തുടങ്ങാനിരിക്കെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് അക്ഷര്‍. നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം നിതീഷ് റാണയുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. താരവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഈ മാസം ഒന്‍പതിനാണ് ഐപിഎല്‍ 14ാം എഡിഷന്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. പത്തിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com