രണ്ട് മൂന്ന് വര്‍ഷം കൂടി കളിക്കാന്‍ ശരീരം അനുവദിക്കും: ഉമേഷ് യാദവ് 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിന് എതിരെ മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായും ഉമേഷ് യാദവ് പറഞ്ഞു
ഉമേഷ് യാദവ്/ഫോട്ടോ: എപി
ഉമേഷ് യാദവ്/ഫോട്ടോ: എപി

ന്യൂഡല്‍ഹി: അടുത്ത രണ്ട് മൂന്ന് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിന് എതിരെ മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നതായും ഉമേഷ് യാദവ് പറഞ്ഞു. 

48 ടെസ്റ്റുകളാണ് ഉമേഷ് യാദവ് ഇതുവരെ ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉമേഷിന്റെ സ്ഥാനം ഉറപ്പല്ല. മുഹമ്മദ് സിറാജ് കൂടി എത്തിയതോടെ കാര്യങ്ങള്‍ ഉമേഷ് യാദവിന് കൂടുതല്‍ കടുപ്പമായി. ഇപ്പോള്‍ എനിക്ക് 33 വയസായി. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് കൂടി കളിക്കാന്‍ ശരീരം അനുവദിക്കും. യുവതാരങ്ങള്‍ കളിക്കാന്‍ തയ്യാറായി വരികയും ചെയ്യും. നമ്മള്‍ മാറുന്നത് ടീമിന് ഗുണം ചെയ്യുമെങ്കില്‍ അതാണ് ചെയ്യേണ്ടത്, ഉമേഷ് യാദവ് പറഞ്ഞു. 

നാല് അഞ്ച് ടെസ്റ്റിലേക്കായി അഞ്ച് ആറ് ഫാസ്റ്റ് ബൗളര്‍മാരുമായാണ് പോവുന്നത് എങ്കില്‍ അവരില്‍ ഓരോരുത്തരേയും 2 ടെസ്റ്റുകള്‍ക്ക് വീതം ഇറക്കാം. ഇത് അവരുടെ മേലുള്ള സമ്മര്‍ദവും, ജോലി ഭാരവും കുറക്കും. ഏറെ നാള്‍ കളിക്കാന്‍ ഇത് ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുമെന്നും ഉമേഷ് യാദവ് ചൂണ്ടിക്കാണിച്ചു. 

വിദേശത്ത് ഞാന്‍ അധികം കളിച്ചിട്ടില്ല. വിദേശ പിച്ചുകളില്‍ വലിയ പരിചയസമ്പത്ത് എനിക്കില്ല. എന്നാല്‍ ആവശ്യം വേണ്ട ടെസ്റ്റുകള്‍ ഞാന്‍ കളിച്ച് കഴിഞ്ഞു. അതിലൂടെ ഒരു വിക്കറ്റ് എങ്ങനെ പെരുമാറും എന്ന് എനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും ഇന്ത്യന്‍ പേസര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റിലാണ് ഉമേഷ് യാദവിന് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടംനേടാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com