'ഇത് അവസാന ഫ്‌ളാറ്റ് വിക്കറ്റാണ്'; ആദ്യ ടെസ്റ്റില്‍ തന്നെ കോഹ്‌ലി മുന്നറിയിപ്പ് നല്‍കിയതായി ഇംഗ്ലണ്ട് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 11:01 AM |
Last Updated: 03rd April 2021 11:01 AM | A+A A- |
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ
ലണ്ടന്‍: അവസാന മൂന്ന് ടെസ്റ്റുകളില്‍ സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റാവും വരിക എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി മുന്നറിയിപ്പ് നല്‍കിയതായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഒലി പോപ്പ്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ആദ്യ ടെസ്റ്റില്‍ മാത്രമായിരുന്നു ഫഌറ്റ് വിക്കറ്റ്.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന എന്റെ പക്കലേക്ക് വന്ന് കോഹ് ലി പറഞ്ഞു, അവസാന ഫ്‌ളാറ്റ്‌വിക്കറ്റാണ് ഇത്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഇനി വരുന്ന ടെസ്റ്റുകള്‍ ദുഷ്‌കരമാവുമെന്ന് അവിടെ വെച്ച് എനിക്ക് ബോധ്യമായി, ഒലി പോപ്പ് പറഞ്ഞു.
ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സ് ആണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയുടെ മറുപടി ബാറ്റിങ് 337ല്‍ അവസാനിച്ചു. 178 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയെങ്കിലും 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192ന് ഓള്‍ഔട്ടായി. 227 റണ്‍സിനാണ് ഇംഗ്ലണ്ട് അവിടെ ജയിച്ചത്.
എന്നാല്‍ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റ് മുതല്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുമായാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കറക്കി വീഴ്ത്തിയത്. അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ 112, 81 എന്നതായിരുന്നു രണ്ട് ഇന്നിങ്‌സിലുമായി ഇംഗ്ലണ്ടിന്റെ സ്‌കോര്‍. രണ്ട് ദിവസം കൊണ്ട് കളി അവസാനിക്കുകയും ചെയ്തു. ഇതോടെ വലിയ വിമര്‍ശനമാണ് പിച്ചിനെതിരെ ഉയര്‍ന്നത്.