ധോനിയെ പോലെയാവണ്ട, എനിക്ക് ഞാന്‍ ആയാല്‍ മതി: സഞ്ജു സാംസണ്‍

'റോയല്‍സിനെ നയിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുപാട് വ്യത്യസ്ത ചിന്തകള്‍ എന്റെ മനസിലൂടെ കടന്ന് പോവുന്നു'
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: ധോനിയെ പോലെയാവാന്‍ ആര്‍ക്കും സാധിക്കുമെന്ന് കരുതുന്നില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ്‌ നായകന്‍  സഞ്ജു സാംസണ്‍. ഞാന്‍ എന്താണോ അതായിരിക്കാനാണ് ആഗ്രഹിക്കുന്നത്. സഞ്ജു സാംസണ്‍ ആയിരുന്നാല്‍ മതിയാവും, സഞ്ജു പറഞ്ഞു. 

റോയല്‍സിനെ നയിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുപാട് വ്യത്യസ്ത ചിന്തകള്‍ എന്റെ മനസിലൂടെ കടന്ന് പോവുന്നു. എന്നാല്‍ കാര്യങ്ങള്‍ ലളിതമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സന്തോഷത്തോടെയാണ് ഈ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തത് എന്നും സഞ്ജു പറഞ്ഞു. 

സത്യസന്ധമായി പറഞ്ഞാല്‍, റോയല്‍സിന്റെ നായക സ്ഥാനത്ത് എത്തുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം വരെ ഞാന്‍ ചിന്തിച്ചിട്ടില്ല. ഞങ്ങളുടെ പ്രധാന ഉടമ മനോജ് ബന്‍ഡാലെയാണ് എന്നോട് ടീമിനെ നയിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറഞ്ഞത്. 

കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാനായും നായകനായും പരാജയപ്പെട്ടതോടെയാണ് പതിനാലാം സീസണിലേക്ക് ടീമിനെ നയിക്കാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന സഞ്ജുവിന് നേര്‍ക്കുള്ള വിമര്‍ശനം കഴിഞ്ഞ സീസണിലും ഉയര്‍ന്നിരുന്നു. ഇതോടെ ഈ സീസണില്‍ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്തുന്നതിന് ഒപ്പം ടീമിനെ പ്ലേഓഫ് കടത്തി മികവിലേക്ക് എത്തിക്കണം എന്ന സമ്മര്‍ദവും സഞ്ജുവിന് മുകളിലുണ്ട്. 

107 മത്സരങ്ങളാണ് സഞ്ജു ഇതുവരെ ഐപിഎല്ലില്‍ കളിച്ചത്. 27.78 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 2582 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 133.74. രണ്ട് സെഞ്ചുറിയും 13 അര്‍ധ ശതകവും ഇവിടെ സഞ്ജുവിന്റെ പേരിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com