മദ്യകമ്പനിയുടെ ലോഗോയുള്ള ജേഴ്‌സി അണിയില്ലെന്ന് മൊയിന്‍ അലി; ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യകമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
മൊയിന്‍ അലി /ഫയല്‍ ചിത്രം
മൊയിന്‍ അലി /ഫയല്‍ ചിത്രം

മുംബൈ: തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യകമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മൊയിന്‍ അലിയുടെ ആവശ്യം ഉന്നയിച്ചത്. 

ഇംഗ്ലണ്ട് ടീമിന്റെ ജേഴ്‌സിയിലായാലും, മറ്റ് ഡൊമസ്റ്റിക് ലീഗുകളിലെ ജേഴ്‌സിയിലായാലും മദ്യ കമ്പനികളുടെ ലോഗോ തന്റെ ജേഴ്‌സിയില്‍ മൊയിന്‍ അലി അനുവദിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ലോഗോയാണ് മൊയിന്‍ അലിയുടെ ജേഴ്‌സിയില്‍ നിന്ന് നീക്കുക. 

7 കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മൊയിന്‍ അലി കളിക്കുന്ന ഐപിഎല്ലിലെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മൊയിന്‍ അലി കളിച്ചത്. മൂന്ന് സീസണുകളില്‍ മൊയിന്‍ അലി ബാംഗ്ലൂരില്‍ തുടര്‍ന്നു. 

19 ഐപിഎല്‍ മത്സരങ്ങളാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഇതുവരെ കളിച്ചത്. നേടിയത് 309 റണ്‍സും 10 വിക്കറ്റും. ചെന്നൈയില്‍ ധോനിയുടെ നായകത്വത്തിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ മൊയിന്‍ അലി പറഞ്ഞിരുന്നു. ധോനിക്ക് കീഴില്‍ കളിച്ച ചില താരങ്ങളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. എങ്ങനെയാണ് ധോനി അവരുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്നും അവര്‍ പറഞ്ഞു. മഹാന്മാരായ നായകന്മാര്‍ക്ക് മാത്രമാണ് അതിന് സാധിക്കുക, മൊയിന്‍ അലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com