'ക്വിന്റൻ ഡി കോക്കിനെ കുറ്റം പറയേണ്ട, എനിക്കാണ് തെറ്റ് പറ്റിയത്'- വിവാദ റണ്ണൗട്ടിൽ ഫഖർ സമാൻ

'ക്വിന്റൻ ഡി കോക്കിനെ കുറ്റം പറയേണ്ട, എനിക്കാണ് തെറ്റ് പറ്റിയത്'- വിവാദ റണ്ണൗട്ടിൽ ഫഖർ സമാൻ
ഫഖർ സമാൻ/ ട്വിറ്റർ
ഫഖർ സമാൻ/ ട്വിറ്റർ

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ താരം ഫഖർ സമാൻ ഒറ്റയാൾ പോരാട്ടത്തിലൂടെ നേടിയ 193 റൺസ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ നിർണായക ഘട്ടത്തിൽ താരം റണ്ണൗട്ടായത് വലിയ വിവാ​​​​ദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിയൊരുക്കിയത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്കിന്റെ ചതി പ്രയോ​ഗത്തിലൂടെയാണ് ഫഖർ റൗണ്ണൗട്ടായത് എന്നായിരുന്നു വിവാദം. 

എന്നാൽ ഇപ്പോഴിതാ ഡി കോക്കിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന അഭിപ്രായവുമായി ഫഖർ തന്നെ രം​ഗത്തെത്തി.  ക്വിൻറൻ ഡി കോക്കിനെ കുറ്റപ്പെടുത്താനാവില്ലെന്ന്  ഫഖർ പറഞ്ഞു. 

'ഡി കോക്ക് തെറ്റായി ആംഗ്യം കാട്ടിയതുകൊണ്ടാണ് ഞാൻ പുറത്തായത് എന്ന് പറയുന്നതിൽ കാര്യമില്ല. ഞാൻ ഹാരിസ് റൗഫ് ക്രീസിലെത്തിയോ എന്ന് തിരിഞ്ഞുനോക്കുന്ന തിരിക്കിലായിപ്പോയി. കാരണം ഹാരിസ് റൗഫ് വൈകിയാണ് ഓടാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ റൗഫ് ക്രീസിലെത്തുമോ എന്നതായിരുന്നു ആ സമയം എൻറെ ആശങ്ക. അതെൻറെ തെറ്റാണ്. ബാക്കിയൊക്കെ മാച്ച് റഫറി തീരുമാനിക്കേണ്ട കാര്യമാണ്. എന്തായാലും ഇക്കാര്യത്തിൽ ഞാൻ ഡി കോക്കിനെ കുറ്റം പറയില്ല'- സമാൻ പറഞ്ഞു.

49-ാം ഓവർ കഴിയുമ്പോൾ 192 റൺസുമായി ഫഖർ ക്രീസിലുണ്ടായിരുന്നു. ലുംഗി എൻ​ഗിഡി എറിഞ്ഞ അവസാന ഓവറിൻറെ ആദ്യ പന്ത് നേരിട്ട ഫഖർ ആദ്യ പന്തിൽ രണ്ടാം റണ്ണിന് ശ്രമിക്കുമ്പോഴാണ് റണ്ണൗട്ടായത്. ആദ്യ റൺ പൂർത്തിയാക്കിയ പാക് താരത്തിന് ക്രീസിൽ തിരിച്ചെത്താനുള്ള അവസരമുണ്ടായിരുന്നു. അവിടെയാണ് ഡി കോക്കിൻറെ തന്ത്രം ഫലിച്ചത്.

രണ്ടാം റൺസ് പൂർത്തിയാക്കുന്നതിനിടെ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിങ് എൻഡിലേക്ക് കൈ ചൂണ്ടി. പന്ത് ബൗളിങ്‌‌‌ എൻഡിലേക്കാണ് വരുന്നതെന്ന് ഫഖറിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. ഡി കോക്കിൻറെ തന്ത്രത്തിൽ വീണ് ഫഖറാകട്ടെ പിന്നോട്ട് നോക്കി റണ്ണിങ് പതുക്കെയാക്കി. എന്നാൽ ലോങ് ഓഫിൽ നിന്നുള്ള എയ്ഡൻ മാർക്രമിൻറെ ത്രോ നേരെ വന്നത് ബാറ്റിങ് എൻഡിലേക്കായിരുന്നു. നേരിട്ട് പന്ത് സ്റ്റംപിൽ പതിക്കുകയും ചെയ്തു. ഇതോടെ ഫഖറിന് അർഹമായ ഇരട്ട ശതകവും നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com