'ഇതാണോ മാന്യന്‍മാരുടെ കളി?'- 193ല്‍ ഫഖര്‍ സമാന്‍ റണ്ണൗട്ട് ആയത് 'ചതി'യിലൂടെ; വിവാദം (വീഡിയോ)

'ഇതാണോ മാന്യന്‍മാരുടെ കളി'- 193ല്‍ ഫഖര്‍ സമാന്‍ റണ്ണൗട്ട് ആയത് 'ചതി'യിലൂടെ; വിവാദം (വീഡിയോ)
ഫഖർ സമാന്റെ പുറത്താകൽ ആഘോഷിക്കുന്ന ക്വിന്റൻ ഡി കോക്ക്/ ട്വിറ്റർ
ഫഖർ സമാന്റെ പുറത്താകൽ ആഘോഷിക്കുന്ന ക്വിന്റൻ ഡി കോക്ക്/ ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ രണ്ടാം ഏകദിന പോരാട്ടം ശ്രദ്ധേയമായിരുന്നു. ഇരു പക്ഷത്തേയും ബാറ്റിങ് മികവുകളാലും വിവാദങ്ങള്‍ക്കൊണ്ടും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് മത്സരം വഴി തുറന്നിരിക്കുന്നത്. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 341 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ പാകിസ്ഥാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് കണ്ടെത്തിയത്. ദക്ഷിഫ്രിക്കയുടെ ജയം 17 റണ്‍സിന്. 

120 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി വന്‍ തോല്‍വി മുന്നില്‍ കണ്ട പാകിസ്ഥാന്റെ അവിശ്വസനീയ തിരിച്ചുവരാവാണ് ജൊഹന്നാസ്ബര്‍ഗില്‍ കണ്ടത്. ഓപണറായി ഇങ്ങി ഒരറ്റം കാത്ത ഫഖര്‍ സമാന്റെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. 18 ഫോറും പത്ത് സിക്‌സും സഹിതം ഫഖര്‍ 155 പന്തില്‍ അടിച്ചുകൂട്ടിയത് 193 റണ്‍സ്. ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള പാക് താരം കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുമെന്ന പ്രതീതി ഉണ്ടായിരുന്നു. നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ എത്തിയതോടെ താരം 193ല്‍ പുറത്തായി. 

ഈ പുറത്താകലും വലിയ ചര്‍ച്ചയായി. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്കിന്റെ ഒരു പ്രവൃത്തി കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതായിരുന്നില്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്. 

റണ്ണിനായി ഫഖര്‍ സമാന്‍ ഓടുന്നതിനിടെ ക്വിന്റന്‍ കോക്ക് ഒരു കൈയാംഗ്യത്തിലൂടെ പാക് താരത്തിന്റെ ശ്രദ്ധ തെറ്റിക്കുന്നു. ഇതോടെ ഓട്ടത്തിന് വേഗം കുറഞ്ഞ് ഫഖര്‍ ഔട്ടായി എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. മാര്‍ക്രം നേരിട്ട് എറിഞ്ഞാണ് പാക് താരം പവലിയനിലേക്ക് മടങ്ങിയത്. 

റണ്ണിനായി ബാറ്റ്‌സ്മാന്‍ ശ്രമിക്കുന്നതിനിടെ കൈ കൊണ്ടോ, വാക്കുകള്‍ കൊണ്ടോ, മറ്റ് തരത്തിലോ തടസങ്ങള്‍ സൃഷ്ടിക്കരുതെന്നാണ് ക്രിക്കറ്റ് നിയമം. ഈ നിയമമാണ് ക്വിന്റന്‍ ഡി കോക്ക് തെറ്റിച്ചത് എന്നാണ് പുറത്തു വരുന്ന വാദങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com