ഷാരൂഖിനെതിരെ പന്തെറിയാൻ പോലും ഭയമാണ്, അവൻ പൊള്ളാർഡിനെപ്പോലെ: യുവതാരത്തെ പുകഴ്ത്തി കുംബ്ലെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 03:20 PM |
Last Updated: 05th April 2021 03:20 PM | A+A A- |
ഷാരൂഖ് ഖാൻ, കീറോൺ പൊള്ളാർഡ്/ ട്വിറ്റർ
കിങ്സ് ഇലവൻ പഞ്ചാബ് ഇത്തവണ ടീമിലെത്തിച്ച ഷാരൂഖ് ഖാനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡുമായാണ് കുംബ്ലെ ഷാരൂഖിനെ ഉപമിച്ചത്. പൊള്ളാർഡിനെതിരെ നെറ്റ്സിൽ പന്തെറിഞ്ഞതിനെക്കുറിച്ച് ഓർത്തെടുത്ത കുംബ്ലെ ഷാരൂഖ് സമാനമായ കഴിവുകളാണ് പ്രദർശിപ്പിക്കുന്നത് എന്നുപറഞ്ഞു.
"അവൻ പൊള്ളാർഡിനെയാണ് ഓർമ്മിപ്പിക്കുന്നത്. ഞാൻ മുംബൈ ഇന്ത്യൻസിൽ ഉണ്ടായിരുന്നപ്പോൾ പൊള്ളാർഡിനെതിരെ പന്തെറിയുന്നത് ഏറെ പ്രയാസകരമായിരുന്നു. ഷാരൂഖിനെതിരെ നെറ്റ്സിൽ പന്തെറിയാൻ പോലും ഭയമാണ്. ഞാൻ അതിന് മെനക്കെടുന്നില്ല," കുംബ്ലെ പറഞ്ഞു.
തമിഴ്നാട് പ്രീമിയർ ലീഗിൻെറ കണ്ടെത്തലാണ് ചെന്നൈ സ്വദേശിയായ ഷാരൂഖ് ഖാൻ. പ്രീതി സിന്റയുടെ പഞ്ചാബ് കിങ്സ് 5.25 കോടി രൂപയ്ക്കാണ് ഷാരൂഖിനെ സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി കാപ്പിറ്റൽസ് എന്നീ ടീമുകളുമായി ലേലത്തിൽ താരത്തിനായി വൻ പോരാട്ടം തന്നെയാണ് നടന്നത്.
31 ടി20 മത്സരങ്ങളിൽ നിന്ന് ഷാരൂഖ് 293 റൺസാണ് നേടിയിട്ടുള്ളത്. 131.39 ആണ് സ്ട്രൈക് റേറ്റ്. ഏപ്രിൽ 12ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.