'ടെസ്റ്റും ടി20യും ഇനി മാറി മാറി കളിക്കും; ആത്മവിശ്വാസത്തിന് പിന്നില്‍ ആ മനുഷ്യന്‍'- വെളിപ്പെടുത്തി പൂജാര

'ടെസ്റ്റും ടി20യും ഇനി മാറി മാറി കളിക്കും; ആത്മവിശ്വാസത്തിന് പിന്നില്‍ ആ മനുഷ്യന്‍'- വെളിപ്പെടുത്തി പൂജാര
ചേതേശ്വർ പൂജാര/ ട്വിറ്റർ
ചേതേശ്വർ പൂജാര/ ട്വിറ്റർ

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിലേക്കുള്ള തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജാര ഐപിഎല്ലില്‍ മടങ്ങി എത്തുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ലേലത്തില്‍ പൂജാരയെ ടീമിലെത്തിച്ചത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറിയ തന്റെ ബാറ്റിങ് ടി20ക്ക് അനുയോജ്യമാക്കി മാറ്റിയതിനെ കുറിച്ച് തുറന്നു പറയുകയാണ് പൂജാര. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാമ്പില്‍ വച്ച് തലങ്ങും വിലങ്ങും സിക്‌സര്‍ പായിക്കുന്ന പൂജാരയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പിന്നാലെയാണ് വീണ്ടും ഐപിഎല്ലിലേക്ക് വഴിയൊരുക്കിയ സാഹചര്യത്തെക്കുറിച്ച് പൂജാര വ്യക്തമാക്കിയത്. 

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനും നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ക്രിക്കറ്റ് ഓപറേഷന്‍സ് ഡയറക്ടറുമായ രാഹുല്‍ ദ്രാവിഡാണ് തന്റെ പുതിയ മാറ്റത്തിന് കാരണമെന്ന് പൂജാര പറയുന്നു. 

'കൂടുതലായി ടി20 കളിക്കുമ്പോള്‍ ടെസ്റ്റ് കളിക്കാനുള്ള മികവ് ഇല്ലാതെ ആയി പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു. നേരത്തെ ഐപിഎല്ലില്‍ കളിച്ച ശേഷം ടെക്‌നിക്കലായി ചില പ്രശ്‌നങ്ങള്‍ ബാറ്റിങില്‍ സംഭവിക്കുകയും ചെയ്തു. നിങ്ങളുടെ സ്വാഭാവികമായ കളിക്ക് ഒന്നും സംഭവിക്കില്ലെന്ന് രാഹുല്‍ ഭായ് നിരന്തരം എന്നെ ഓര്‍മപ്പെടുത്താറുണ്ട്. ബാറ്റിങ് ടെക്‌നിക്കില്‍ എന്തുതരം മാറ്റം വരുത്തിയാലും സ്വാഭാവികമായ കളി അവിടെ തന്നെ നിലനില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ടു തന്നെ രണ്ട് ഫോര്‍മാറ്റിലും മാറി മാറി കളിക്കാന്‍ സാധിക്കുമെന്ന ഉത്തമ ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്'- പൂജാര വ്യക്തമാക്കി. 

പൂജാര ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ. നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. 30 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 99.74.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com