'കോഹ്‌ലിയും രോഹിത്തും ധോനിയും അഭിനന്ദിച്ചു'; ക്യാപ്റ്റനായതിന് പിന്നാലെ സഞ്ജുവിനെ തേടി വന്ന സന്ദേശങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 11:49 AM |
Last Updated: 06th April 2021 11:49 AM | A+A A- |
സഞ്ജു സാംസണ്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ ധോനി, കോഹ് ലി, രോഹിത് എന്നിവര്‍ തന്നെ അഭിനന്ദിച്ച് സന്ദേശമയച്ചതായി സഞ്ജു സാംസണ്‍. രാജസ്ഥാന്റെ നായകനായി തെരഞ്ഞെടുത്ത വിവരം മറ്റാരോടും പറയാതെ ഇരിക്കുക എന്നത് പ്രയാസമായിരുന്നു എന്നും സഞ്ജു പറഞ്ഞു.
എന്നെ നായകനായി രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഏതാനും സന്ദേശങ്ങള്‍ ലഭിച്ചു. മനസില്‍ കൊണ്ടുനടക്കാന്‍ പാകത്തിലുള്ളതായിരുന്നു അവ. വിരാട്, രോഹിത്, ധോനി എന്നിവരില്‍ നിന്ന് അഭിനന്ദന സന്ദേശം ലഭിച്ചു, സഞ്ജു വെളിപ്പെടുത്തുന്നു.
ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ തന്റെ മനസിലൂടെ കടന്നു പോവുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ലളിതമായി കാണാനാണ് ആഗ്രഹിക്കുന്നത് എന്ന് സഞ്ജു പറഞ്ഞു. നായകത്വം കൂടി എത്തുമ്പോള്‍ സഞ്ജുവില്‍ നിന്ന് വരുന്ന പ്രകടനം എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
കഴിഞ്ഞ സീസണില്‍ ആദ്യ മൂന്ന് കളിയില്‍ തിളങ്ങിയതൊഴിച്ചാല്‍ പിന്നെ സ്ഥിരത കണ്ടെത്താന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ നായകന്റെ സമ്മര്‍ദം കൂടി എത്തുമ്പോള്‍ ബാറ്റിങ്ങില്‍ കാര്യങ്ങള്‍ സഞ്ജുവിന് കൂടുതല്‍ പ്രയാസമായേക്കും. ടി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ ഈ സീസണലെ പ്രകടനം നിര്‍ണായകമാണ്.