ആദ്യ കളിക്ക് രണ്ട് ദിവസം മാത്രം, ബാംഗ്ലൂരിന് തിരിച്ചടി; ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സംസിന് കോവിഡ് 

ഇന്ത്യയില്‍ എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത്
ഡാനിയേല്‍ സംസ്/ഫോട്ടോ: ട്വിറ്റര്‍
ഡാനിയേല്‍ സംസ്/ഫോട്ടോ: ട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം മുന്‍പിലുള്ളപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി. ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സംസിന് കോവിഡ് സ്ഥിരീകരിച്ചു. 

ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത്. 

ചെന്നൈയിലെ ടീം ഹോട്ടലില്‍ വെച്ച് ഏപ്രില്‍ മൂന്നിനാണ് ഡാനിയന്‍ സംസിനെ ആദ്യ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഏപ്രില്‍ ഏഴിന് വന്ന രണ്ടാമത്തെ കോവിഡ് ഫലം പോസിറ്റീവായി. സാംസിന് കോവിഡ് ലക്ഷണങ്ങള്‍ ഇല്ല. നിലവില്‍ ഐസൊലേഷനിലാണ് സാംസ് എന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബാംഗ്ലൂരിലേക്ക് എത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെഡിക്കല്‍ സംഘം സാംസിനെ പരിശോധിച്ചു. ബിസിസിഐ പ്രോട്ടോക്കോളുകള്‍ പാലിച്ച് ആരോഗ്യ നില തുടര്‍ച്ചയായി നിരീക്ഷിക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഏപ്രില്‍ 9ന് മുംബൈ-ബാംഗ്ലൂര്‍ പോരോടെയാണ് ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നത്. കരിയറില്‍ ഇതുവരെ മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമാണ് സാംസ് കളിച്ചത്. ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പിങ് കണ്‍സള്‍ട്ടന്റായ കിരണ്‍ മോറെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com