'മൊയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു'; തസ്ലിമ നസ്‌റീന് ഇസ്ലാമോഫോബിയ; ട്വീറ്റിനെതിരെ പിതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 10:33 AM |
Last Updated: 07th April 2021 10:33 AM | A+A A- |

മൊയിന്‍ അലി /ഫയല്‍ ചിത്രം
ലണ്ടന്‍: ക്രിക്കറ്റില്‍ തുടര്‍ന്നില്ലായിരുന്നു എങ്കില്‍ മൊയിന്‍ അലി തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസില്‍ ചേരുമായിരുന്നു എന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്റെ ട്വീറ്റിനെതിരെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറുടെ പിതാവ്. ഇസ്ലാമോഫോബിയയാണ് തസ്ലിമ നസ്രീനിന്റെ ട്വിറ്റില്‍ കാണുന്നത് എന്ന് മൊയിന്‍ അലിയുടെ പിതാവ് മുനിര്‍ അലി പറഞ്ഞു.
മൊയിന്‍ അലിയെ ചൂണ്ടിയുള്ള തസ്ലിമയുടെ ട്വീറ്റ് വിവാദമായിരുന്നു. മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലിമ തന്റെ ആദ്യ ട്വീറ്റില്‍ പറയുന്നത്. ഇംഗ്ലണ്ട് ടീം അംഗങ്ങളില്‍ നിന്നുള്‍പ്പെടെ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ഇവര്‍ വീണ്ടും ട്വിറ്ററിലെത്തി.
മൊയിന്‍ അലിയെ കുറിച്ചുള്ള ട്വീറ്റ് ഹാസ്യരൂപേണ ആയിരുന്നതായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാം. എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് അവരിപ്പോള്‍ അതൊരു വിഷയമായി ഉയര്‍ത്തുന്നത്. കാരണം ഞാന്‍ ഇസ്ലാമിക് മതാന്ധതയെ വിമര്‍ശിക്കുന്നു, തസ്ലിമയുടെ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു.
Haters know very well that my Moeen Ali tweet was sarcastic. But they made that an issue to humiliate me because I try to secularize Muslim society & I oppose Islamic fanaticism. One of the greatest tragedies of humankind is pro-women leftists support anti-women Islamists.
— taslima nasreen (@taslimanasreen) April 6, 2021
എന്നാല്‍ തസ്ലിമയുടെ വാക്കുകള്‍ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തതായി മൊയിന്‍ അലിയുടെ പിതാവ് പറഞ്ഞു. ഒരു മുസ്ലീം വ്യക്തിയോട് സമൂഹം പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാടാണ് അത്. ഇസ്ലാമോഫോബിയയാണ് അത്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്വയം ബഹുമാനിക്കാനും കഴിയാത്തവര്‍ക്ക് മാത്രമേ ഈ നിലവാരത്തിലേക്ക് താഴാന്‍ കഴിയുകയുള്ളെന്നും മുനിര്‍ അലി പറഞ്ഞു.
നമുക്ക് അറിയുക പോലുമില്ലാത്ത ആളുകള്‍ക്ക് മേലെ ഇങ്ങനെ വിഷം തുപ്പുകയല്ല വേണ്ടത്. അവര്‍ എന്തിനാണ് ഇവിടെ എന്റെ മകനെ തെരഞ്ഞെടുത്തത് എന്ന് മനസിലാവുന്നില്ല. അവന്‍ എന്താണെന്ന് ക്രിക്കറ്റ് ലോകത്തിലെ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.