ധോനിയുമല്ല കോഹ്‌ലിയുമല്ല, ദേവ്ദത്ത് പടിക്കലിന്റെ റോള്‍ മോഡല്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2021 11:53 AM  |  

Last Updated: 07th April 2021 11:53 AM  |   A+A-   |  

devdut

ദേവ്ദത്ത് പടിക്കല്‍/ഫയല്‍ ചിത്രം

 

ചെന്നൈ: ക്രിക്കറ്റിലെ തന്റെ റോള്‍ മോഡലിനെ വെളിപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ദേവ്ദത്തിന്റെ ക്രിക്കറ്റിലെ റോള്‍ മോഡല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിക്കുന്ന ദേവ്ദത്തിന്റെ റോള്‍ മോഡല്‍ പട്ടികയില്‍ മുന്‍പില്‍ വരിക കോഹ്‌ലിയുടെ പേരായിരിക്കും എന്ന് കരുതിയവരെയാണ് ദേവ്ദത്ത് ഇവിടെ ഞെട്ടിച്ചത്. വിക്കറ്റ് കീപ്പറായ ദേവ്ദത്തിന്റെ റോള്‍ മോഡല്‍ ധോനിയുമല്ല എന്ന പ്രത്യേകതയുമുണ്ട്. 

എനിക്ക് പ്രചോദനമാവുന്നത് ഒരു വ്യക്തി മാത്രമല്ല. എല്ലാവരുടേയും കഥകള്‍ വ്യത്യസ്തമാണ്. എല്ലാവരും കരിയറില്‍ ഈ നിലയിലെത്താന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടാവും. ഇന്ത്യക്ക് വേണ്ടി കളിച്ച എല്ലാ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു, ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു. 

എന്നാല്‍ എന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീറാണ്. ഗംഭീറിന്റെ ബാറ്റിങ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ഗംഭീറിന്റെ വീഡിയോകള്‍ ഞാന്‍ കാണുന്നു. ഗംഭീറിന്റെ ബാറ്റിങ് ഇപ്പോഴും എനിക്കിഷ്ടമാണ്. എന്റെ ക്രിക്കറ്റിങ് റോള്‍ മോഡലാണ് ഗംഭീര്‍. 

രാഹുല്‍ ദ്രാവിഡ് ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ദേവ്ദത്ത് പറയുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരമുണ്ടാവും. കഠിനാധ്വാനം ചെയ്യുന്നത് തുടരുക. കൂടുതല്‍ പഠിക്കുക, എത്രമാത്രം സാധിക്കുമോ അത്രയും മെച്ചപ്പെടുക...എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ദേവ്ദത്ത് പറഞ്ഞു.