റയലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം നേടിക്കൊടുത്ത് രണ്ട് 20 വയസുകാര്‍; കളിയുടെ ഗതി തിരിച്ച് വിനിഷ്യസും ഫോഡനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2021 11:05 AM  |  

Last Updated: 07th April 2021 11:05 AM  |   A+A-   |  

real_madid_vini

ലിവര്‍പൂളിനെതിരെ ഗോള്‍ നേടിയ വിനിഷ്യസ്/ഫോട്ടോ: ട്വിറ്റര്‍

 

ബെര്‍ണാബ്യു: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ 3-1ന് മലര്‍ത്തിയടിച്ച് സിദാന്റെ സംഘം. 20കാരന്‍ വിനിഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളാണ് ലിവര്‍പൂളിനെ നിഷ്പ്രഭമാക്കിയത്. 

സീസണില്‍ മോശം ഫോമില്‍ തുടരുന്ന ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയാല്‍ മാത്രമാവും ക്വാര്‍ട്ടര്‍ കടക്കാനാവുക. 27, 65 മിനിറ്റുകളിലാണ് വിനിഷ്യസിന്റെ ഗോള്‍ വന്നത്. ആദ്യ പകുതിയിലെ വിനിഷ്യസിന്റെ ഗോളിന് പിന്നാലെ 36ാം മിനിറ്റില്‍ അസെന്‍സിയോയും റയലിനായി ഗോള്‍ വല ചലിപ്പിച്ചു. 

51ാം മിനിറ്റില്‍ സലയിലൂടെയാണ് ലിവര്‍പൂളിന്റെ ഗോള്‍ എത്തിയത്. എന്നാല്‍ 65ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വല ചലിപ്പിച്ച് ലീഡ് ഉയര്‍ത്തിയ വിനിഷ്യസ് റയലിന്റെ ജയവും ഉറപ്പിച്ചു. അടുത്ത ബുധനാഴ്ചയാണ് ലിവര്‍പൂള്‍-റയല്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍. ആരാധകര്‍ ഇല്ലാതെയുള്ള ആന്‍ഫീല്‍ഡില്‍ തിരിച്ചു വരവ് എന്നത് ലിവര്‍പൂളിന് പ്രയാസമാവുമെന്ന് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പറഞ്ഞു. 

ബോറിസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരില്‍ കളിയുടെ ഗതി തിരിച്ചതും ഒരു 20കാരന്‍. സിറ്റിക്ക് വേണ്ടി ഫില്‍ ഫോഡന്‍ തിളങ്ങിയപ്പോള്‍ ബൊറൂസിയക്കെതിരെ അവസാന മിനിറ്റില്‍ ഗോള്‍ വല കുലുക്കി 2-1ന് ഗാര്‍ഡിയോളയും സംഘവും ജയിച്ചു കയറി. 

കളിയുടെ 19ാം മിനിറ്റില്‍ തന്നെ വല കുലുക്കി ബ്രുയ്ന്‍ സിറ്റിയെ മുന്‍പിലെത്തിച്ചു. എന്നാല്‍ 84ാം മിനിറ്റില്‍ സമനില പിടിച്ച് മാര്‍കോ റ്യൂസിലൂടെ ഡോര്‍ട്ട്മുണ്ടിന്റെ ഗോളെത്തി. എന്നാല്‍ 90ാം മിനിറ്റില്‍ ഫില്‍ ഫോഡനില്‍ നിന്ന് വന്ന ഗോളോടെ സിറ്റി ജയിച്ചു കയറി. അടുത്ത വ്യാഴാഴ്ചയാണ് സിറ്റി-ഡോര്‍ട്ട്മുണ്ട് രണ്ടാം പാദ പോര്.