ക്രിസ്റ്റ്യാനോ, മെസി എന്നിവരെ തന്റെ നിഴലിലാക്കി എംബാപ്പെ; ബയേണിനെ തകര്‍ത്തതിനൊപ്പം പുതിയ റെക്കോര്‍ഡും

ഇരട്ട ഗോളോടെ കളം നിറഞ്ഞ എംബാപ്പെ അവിടെ ഒരു യുസിഎല്‍ റെക്കോര്‍ഡും സൃഷ്ടിച്ചു
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

ബാവറിയ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബയേണിനെ പിഎസ്ജി തോല്‍പ്പിച്ചത്. ഇരട്ട ഗോളോടെ കളം നിറഞ്ഞ എംബാപ്പെ അവിടെ ഒരു യുസിഎല്‍ റെക്കോര്‍ഡും സൃഷ്ടിച്ചു. 

യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് 16ലും ക്വാര്‍ട്ടര്‍ ഫൈനലിലും 5 എവേ ഗോളുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഇവിടെ എംബാപ്പെയുടെ പേരിലേക്ക് എത്തിയത്. ക്രിസ്റ്റ്യാനോ, മെസി എന്നിവര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ഇവിടെ എംബാപ്പെ തന്റെ പേരിലേക്ക് ചേര്‍ക്കുന്നത്. 

ബയേണിന് എതിരെ ആദ്യ പാദ ക്വാര്‍ട്ടറില്‍ കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ എംബാപ്പെ വല കുലുക്കി. 28ാം മിനിറ്റില്‍ മാര്‍ക്വിനോസിലൂടെ വീണ്ടും ഗോള്‍. 37, 60 മിനിറ്റുകളില്‍ ബയേണ്‍ വല കുലുക്കി സമനില പിടിച്ചെങ്കിലും 68ാം മിനിറ്റില്‍ എംബാപ്പെയിലൂടെ തന്നെ പിഎസ്ജിയുടെ വിജയ ഗോളെത്തി. 

റൗണ്ട് 16ലെ പോരില്‍ ബാഴ്‌സക്കെതിരെ ന്യൂകാമ്പില്‍ എംബാപ്പെ തകര്‍പ്പന്‍ ഹാട്രിക് സ്വന്തമാക്കിയിരുന്നു. ഇതാണ് മെസിയുടേയും സംഘത്തിന്റേയും ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം തകര്‍ത്തത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടത്തില്‍ എര്‍വിങ് ഹാലാന്‍ഡിനെ മറികടക്കാന്‍ രണ്ട് ഗോളുകള്‍ കൂടി എംബാപ്പെയ്ക്ക് ഇനി വേണം. 

8 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളാണ് ഇപ്പോള്‍ എംബാപ്പെയുടെ പേരിലുള്ളത്. ഒരു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഫ്രഞ്ച് താരം എന്ന റെക്കോര്‍ഡിന് ഒപ്പവുമെത്തി എംബാപ്പെ. 2010ന് ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ട് ഘട്ടത്തില്‍ ആദ്യ മൂന്ന് മിനിറ്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ നിന്ന ബയേണിന്റെ പ്രതിരോധത്തെ ഇവിടെ എംബാപ്പെ കടപുഴക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com