മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി, ആദ്യ മത്സരത്തിന് ഇറങ്ങുക സൂപ്പര്‍ താരമില്ലാതെ; പുതിയ ഓപ്പണിങ് സഖ്യം വരും

കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത്-ഡികോക്ക് സഖ്യത്തെയാണ് മുംബൈ ഓപ്പണിങ്ങില്‍ ഇറക്കുന്നത്
രോഹിത് ശര്‍മ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
രോഹിത് ശര്‍മ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ചെന്നൈ: മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത് ക്വിന്റണ്‍ ഡികോക്ക് ഇല്ലാതെ. ഇതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷന്‍ കിഷന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 

ഡികോക്ക് മുംബൈയുടെ സീസണിലെ ആദ്യ മത്സരം കളിക്കില്ലെന്ന് മുംബൈ ഇന്ത്യന്‍സ് സ്ഥിരീകരിച്ചു. ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ് ഡികോക്ക് ഇപ്പോള്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പര കളിച്ച് നില്‍ക്കെയാണ് ഡികോക്ക് ഇന്ത്യയിലേക്ക് വന്നത്. പാക്-സൗത്ത് ആഫ്രിക്ക പരമ്പര ബയോ ബബിളിലായിരുന്നു. 

ഒരു ബബിളില്‍ നിന്ന് മറ്റൊന്നിലേക്ക് വരികയാണെങ്കിലും ഡികോക്കിന് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിയമം ബാധകമാണ്. ഇതോടെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് സീസണിലെ ആദ്യ മത്സരം നഷ്ടമാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത്-ഡികോക്ക് സഖ്യത്തെയാണ് മുംബൈ ഓപ്പണിങ്ങില്‍ ഇറക്കുന്നത്. എന്നാല്‍ ഡികോക്കിന് ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനാല്‍ പുതിയ ഓപ്പണിങ് സഖ്യമാവും ഇറങ്ങുക, മുംബൈയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. 

കോവിഡ് വ്യാപനം ശക്തമാവുന്ന ഈ സമയം കളിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്ന് രോഹിത്ത് പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഒരുപാട് പേര്‍ കടന്നു പോവുന്നത്. ഒരുപാട് പേര്‍ക്ക് ജോലിക്ക് പോവാനാവുന്നില്ല. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാവുന്നില്ല. നമ്മള്‍ കളിക്കാര്‍ക്ക് നമ്മള്‍ ഇഷ്ടപ്പെടുന്നത് ചെയ്യാനാവുന്നുണ്ട് ഇപ്പോള്‍, മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ രോഹിത് പറയുന്നു. 

ഈ സമയവും ഞാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് കളിക്കാനാവുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. നമ്മള്‍ ഇവിടെ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട് എങ്കില്‍ അഡ്ജസ്റ്റ് ചെയ്യണം. നമ്മളിലെ ഏറ്റവും മികവ് എങ്ങനെ പുറത്തെടുക്കാനാവും എന്ന് കണ്ടെത്തണം ബബിളിനുള്ളിലെ ഈ ജീവിതത്തിന് ഇടയിലും, മുംബൈ നായകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com