അർധ സെഞ്ച്വറിയുമായി തകർത്തടിച്ച് നിതിഷും, രാഹുലും; സൺറൈസേഴ്സിന് 188 റൺസ് വിജയ ലക്ഷ്യം

അർധ സെഞ്ച്വറിയുമായി തകർത്തടിച്ച് നിതിഷും, രാഹുലും; സൺറൈസേഴ്സിന് 188 റൺസ് വിജയ ലക്ഷ്യം
നിതിഷ് റാണയും രാഹുൽ ത്രിപാഠിയും ബാറ്റിങിനിടെ
നിതിഷ് റാണയും രാഹുൽ ത്രിപാഠിയും ബാറ്റിങിനിടെ

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 188 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അർധ സെഞ്ച്വറി നേടിയ നിതിഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരുടെ ബാറ്റിങാണ് കൊൽക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. റാണ 56 പന്തുകൾ നേരിട്ട് നാല് സിക്‌സും ഒൻപത് ഫോറുമടക്കം 80 റൺസെടുത്തു. രാഹുൽ 29 പന്തുകൾ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 53 റൺസ് കണ്ടെത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപണർമാരായ ശുഭ്മാൻ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തിൽ 53 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റൺസെടുത്ത ഗില്ലിന്റെ കുറ്റി തെറിപ്പിച്ച് റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഗിൽ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയും സൺറൈസേഴ്‌സ് ബൗളർമാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റിൽ നിതിഷ് റാണയ്‌ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ പുറത്തായത്. 

പിന്നാലെയെത്തിയ വെടിക്കെട്ട് വീരൻ ആന്ദ്രേ റസ്സലിന് അഞ്ച് റൺസ് മാത്രമേ നേടാനായുള്ളൂ. ക്യാപ്റ്റൻ ഓയിൻ മോർഗൻ രണ്ട് റൺസെടുത്ത് പുറത്തായി. ദിനേഷ് കാർത്തിക്ക് ഒൻപത് പന്തിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്‌സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com