പരിഭ്രമിച്ചോ? ഇല്ല! റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

നായകനായി അരങ്ങേറിയ മത്സരത്തില്‍ ശാന്തമായും സമചിത്തതയോടെയുമാണ് പന്ത് നിന്നതെന്ന് അദ്ദേഹം പറഞ്ഞു
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്കൊപ്പം റിഷഭ് പന്ത്/ഫോട്ടോ: ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്റര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്കൊപ്പം റിഷഭ് പന്ത്/ഫോട്ടോ: ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്റര്‍

മുംബൈ: ക്യാപ്റ്റന്‍സി റോളില്‍ റിഷഭ് പന്ത് പെട്ടെന്ന് തന്നെ പാകപ്പെടുമെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദീപ് ദാസ്ഗുപ്ത. നായകനായി അരങ്ങേറിയ മത്സരത്തില്‍ ശാന്തമായും സമചിത്തതയോടെയുമാണ് പന്ത് നിന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ക്യാപ്റ്റന്‍സി റോളുമായി ഇണങ്ങാന്‍ കുറച്ച് മത്സരങ്ങള്‍ കൂടി പന്തിന്  വേണ്ടിവരും. എന്നാല്‍ തുടക്കത്തില്‍ നല്ല അഭിപ്രായമാണ് പന്ത് നേടുന്നത്. ചില കാര്യങ്ങള്‍ പന്തിന് മറ്റൊരു വിധത്തില്‍ ചെയ്യാമായിരുന്നു എന്ന് തോന്നി. എന്നാല്‍ പരിഭ്രമിച്ചോ? ഇല്ല. സുരേഷ് റെയ്‌ന, മൊയിന്‍ അലി, സാം കറാന്‍ എന്നിവര്‍ വന്നപ്പോഴെല്ലാം ശാന്തമായി സമചിത്തതയോടെയാണ് പന്ത് നിന്നത്. ശരീര ഭാഷ മികച്ചതായിരുന്നു, ദീപ് ദാസ്ഗുപ്ത പറഞ്ഞു. 

വലിയ ഫ്രാഞ്ചൈസിയാണ്. ആദ്യമായി ക്യാപ്റ്റനാവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളാണ്. ശിഖര്‍, രഹാനെ, അശ്വിന്‍ എന്നിവരെ പോലെ മുതിര്‍ന്ന കളിക്കാരുണ്ട്. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ല പന്തിന്. അതിനാല്‍ തന്നെ നായകത്വത്തില്‍ ഇണങ്ങാന്‍ ഏതാനും മത്സരങ്ങള്‍ കൂടി പന്തിന് നല്‍കണം എന്നും അദ്ദേഹം പറഞ്ഞു. 

റിഷഭ് പന്ത് നായകനായി അരങ്ങേറിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡല്‍ഹി തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയ ലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. പൃഥ്വി ഷായുടെ 72 റണ്‍സും, ധവാന്റെ 85 റണ്‍സും നിറഞ്ഞ ഇന്നിങ്‌സ് ആണ് ഡല്‍ഹിയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com