രാജകീയം റാണ; ഹൈദരബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
സണ്‍റൈസേഴ്‌സിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊല്‍ക്കത്ത
സണ്‍റൈസേഴ്‌സിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊല്‍ക്കത്ത

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പത്ത് റണ്‍സിനാണ് കൊല്‍ക്കത്തയുട വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് മറികടക്കാന്‍ ഹൈദരബാദിന് കഴിഞ്ഞില്ല. 

നിശ്ചിത ഓവറില്‍ സണ്‍റൈസേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 61 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയാണ് ടോപ്‌സ്‌കോറര്‍. 44 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്നും സിക്‌സ് അടുങ്ങുന്നതാണ് പാണ്ഡെയുടെ ഇന്നിങ്‌സ്. ബെയര്‍സ്‌റ്റോ 40 പന്തില്‍ 55 റണ്‍സ് എടുത്തു. രണ്ട് സിക്‌സ് അടക്കം എട്ടുപന്തില്‍ 19 റണ്‍സുമായി അബ്ദുള്‍ സമദ് പ്രതീക്ഷ നല്‍കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രണ്ട് വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ കൊല്‍ക്കത്ത നിരയില്‍ തിളങ്ങി. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ നിതിഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവരുടെ ബാറ്റിങാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. റാണ 56 പന്തുകള്‍ നേരിട്ട് നാല് സിക്‌സും ഒന്‍പത് ഫോറുമടക്കം 80 റണ്‍സെടുത്തു. രാഹുല്‍ 29 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തില്‍ 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റണ്‍സെടുത്ത ഗില്ലിന്റെ കുറ്റി തെറിപ്പിച്ച് റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഗില്‍ പുറത്തായ ശേഷമെത്തിയ രാഹുല്‍ ത്രിപാഠിയും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റില്‍ നിതിഷ് റാണയ്‌ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുല്‍ പുറത്തായത്.

പിന്നാലെയെത്തിയ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസ്സലിന് അഞ്ച് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. ദിനേഷ് കാര്‍ത്തിക്ക് ഒന്‍പത് പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com