400 റണ്‍സ് നോട്ടൗട്ട്! 'ട്രിനിഡാഡിലെ ചുവന്ന സൂര്യന്‍' പുതു ചരിത്രം എഴുതിയ ദിവസം (വീഡിയോ)

400 റണ്‍സ് നോട്ടൗട്ട്! ട്രിനിഡാഡിലെ ചുവന്ന സൂര്യന്‍ പുതു ചരിത്രം എഴുതിയ ദിവസം (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രിനിഡാഡ് ആന്റ് ടുബാഗോ: ബ്രയാന്‍ ലാറയെന്ന ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്ത ദിവസമാണ് ഇന്ന്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്റിഗ്വയിലെ റിക്രിയേഷന്‍ സ്റ്റേഡിയത്തിലാണ് ചരിത്രം പിറന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ലാറ ഈ ദിവസം സ്വന്തമാക്കിയത്. 

2004 ഏപ്രില്‍ 12ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് ലാറ 400 റണ്‍സുമായി പുറത്താകാതെ നിന്ന് ചരിത്രം തിരുത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ക്വാഡ്രബ്ള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ നേട്ടവും താരത്തിന് സ്വന്തം. ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന റെക്കോര്‍ഡാണ് ട്രിനിഡാഡിന്റെ ചുവന്ന സൂര്യന്‍ അന്ന് ആന്റിഗ്വയില്‍ പടുത്തുയര്‍ത്തിയത്. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ലാറ ക്രീസിലെത്തുന്നത്. പിന്നീടാണ് ക്രിക്കറ്റ് ലോകം വിസ്മയത്തോടെ നോക്കിക്കണ്ട ആ ഇന്നിങ്‌സ് പിറന്നത്. 43 ഫോറുകളും നാല് സിക്‌സും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സിന്റെ കരുത്തില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 751 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 

അന്ന് ലാറ നേടിയ 400 റണ്‍സിന് മറ്റൊരു സവിശേഷതയുമുണ്ട്. 2003 വരെ ഏതാണ്ട് ഒന്‍പത് വര്‍ഷം ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ഉടമ ലാറ തന്നെയായിരുന്നു. 1994ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 375 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ 2003ല്‍ സിംബാബ്‌വെക്കെതിരെ 380 റണ്‍സ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഓപണര്‍ മാത്യു ഹെയ്ഡന്‍ ആ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റി. തൊട്ടുപിന്നാലെയാണ് 401 റണ്‍സുമായി പുറത്താകാതെ നിന്ന് ലാറ റെക്കോര്‍ഡ് വീണ്ടും സ്വന്തമാക്കിയത്. 

ടെസ്റ്റിലെ 400 മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ലാറയുടെ പേരില്‍ തന്നെയാണ്. 1994ല്‍ വാര്‍വിക്‌ഷെയറിനായി ഡുറത്തിനെതിരെ നേടിയ 501 റണ്‍സ്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2007ലാണ് ലാറ വിരമിക്കുന്നത്. 131 ടെസ്റ്റുകളും 299 ഏകദിന മത്സരങ്ങളുമാണ് അദ്ദേഹം വിന്‍ഡീസിനായി കളിച്ചത്. ടെസ്റ്റില്‍ 11,953 റണ്‍സും ഏകദിനത്തില്‍ 10,405 റണ്‍സുമാണ് അദ്ദേഹം നേടിയത്. ടെസ്റ്റ് മത്സരത്തിലെ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും ലാറയുടെ പേരില്‍ തന്നെ. 2003ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ റോബിന്‍ പീറ്റേഴ്‌സണിന്റെ ഓരോവറില്‍ 28 റണ്‍സ് അടിച്ചെടുത്തതാണ് റെക്കോര്‍ഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com