40ാം വയസിൽ ഹർഭജന് ‘അരങ്ങേറ്റം‘- ഭാജി കളിക്കാനിറങ്ങിയത് 699 ദിവസങ്ങൾക്ക് ശേഷം!

40ാം വയസിൽ ഹർഭജന് ‘അരങ്ങേറ്റം‘- ഭാജി കളിക്കാനിറങ്ങിയത് 699 ദിവസങ്ങൾക്ക് ശേഷം!
കുൽദീപ് യാദവ്, ഷാകിബ് അൽ ഹസൻ എന്നിവർക്കൊപ്പം ഹർഭജൻ പരിശീലനത്തിനിടെ/ ട്വിറ്റർ
കുൽദീപ് യാദവ്, ഷാകിബ് അൽ ഹസൻ എന്നിവർക്കൊപ്പം ഹർഭജൻ പരിശീലനത്തിനിടെ/ ട്വിറ്റർ

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർ‌ഭജൻ സിങ് 40ാം വയസിൽ വീണ്ടും ‘അരങ്ങേറ്റം‘ കുറിച്ചു. 699 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹർഭജൻ സിങ് കളത്തിലിറങ്ങിയത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ജേഴ്സിയിലെ കന്നി പോരിന്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിലാണ് ഹർഭജൻ കൊൽക്കത്തക്കായി അരങ്ങേറിയത്. 

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഹർഭജനെ ഇത്തവണ ടീമിലെത്തിച്ചത്. മത്സരത്തിൽ ഹർഭജൻ ഒരോവർ മാത്രമാണ് ഭാജി പന്തെറിഞ്ഞത്. എങ്കിലും കൊൽക്കത്ത ആദ്യ മത്സരത്തിൽ 10 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു.

വെസ്റ്റിൻഡീസ് താരം സുനിൽ നരൈൻ, ഇന്ത്യൻ താരം കുൽദീപ് യാദവ് തുടങ്ങിയവരെ കരയ്ക്കിരുത്തിയാണ് ആദ്യ മത്സരത്തിൽ കൊൽക്കത്ത ഹർഭജന് അവസരം നൽകിയത്. കഴിഞ്ഞ സീസൺ വരെ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന ഹർഭജന്, മത്സരം നടന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ചിരപരിചിതമാണ് എന്ന കാരണത്താലായിരുന്നു ഇത്.

സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണറിനെതിരെ ഹർഭജനുള്ള മികച്ച റെക്കോർഡും താരത്തെ കളത്തിലിറക്കാൻ കൊൽക്കത്ത മാനേജ്മെന്റിന് പ്രേരണയായി. ഈ മത്സരത്തിനു മുൻപ് ഐപിഎലിൽ ഹർഭജൻ വാർണറിനെതിരെ എറിഞ്ഞത് 94 പന്തുകളാണ്. വിട്ടുകൊടുത്തത് 112 റൺസ്. നാല് തവണയാണ് ഹർഭജൻ വാർണറെ പുറത്താക്കിയത്. ഈ മത്സരത്തിലും വാർണറിന്റെ വിക്കറ്റ് ഹർഭജന് ലഭിക്കേണ്ടതായിരുന്നു. പക്ഷേ, വാർണറിന്റെ ക്യാച്ച് പാറ്റ് കമ്മിൻസിന് കൈയിലൊതുക്കാനായില്ല.

നേരത്തെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി ഐപിഎലിൽ കളിച്ചിട്ടുള്ള താരമാണ് ഹർഭജൻ. ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ ഹർഭജൻ കളിച്ചിരുന്നില്ല. 699 ദിവസങ്ങളുടെ നീണ്ട ഇടവേളയ്ക്കു  ശേഷമാണ് ഹർഭജൻ വീണ്ടും കളത്തിലിറങ്ങിയത്.

ഇതിനു മുൻപ് ഹർഭജൻ അവസാനമായി കളത്തിലിറങ്ങിയത് 2019ലെ ഐപിഎൽ ഫൈനലിലാണ്. 2019 മേയ് 12ന് നടന്ന ആ ഫൈനലിനു ശേഷം ഹർഭജൻ മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടേയില്ല. ഐപിഎലിന്റെ കന്നി സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായി കരിയർ തുടങ്ങിയ ഹർഭജൻ ഒൻപത് വർഷം മുംബൈ ഇന്ത്യൻസിനായി കളിച്ച ഹർഭജൻ രണ്ട് സീസണുകലിൽ ചെന്നൈ സൂപ്പർ കിങ്സിനായും കളത്തിലിറങ്ങി. 

ഐപിഎലിൽ ഇതുവരെ 150 വിക്കറ്റുകളാണ് ഹർഭജന്റെ സമ്പാദ്യം. ഇക്കാര്യത്തിൽ മുന്നിലുള്ളത് നാലു പേർ മാത്രമാണ്. ലസിത് മലിംഗ (170), അമിത് മിശ്ര (160), പിയൂഷ് ചൗള (156), ഡ്വെയിൻ ബ്രാവോ (153) എന്നിവരാണ് ഹർഭജന്റെ മുന്നിലുള്ളവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com