സഞ്ജു പൊരുതി, പക്ഷെ വീണു; പഞ്ചാബ് കിങ്‌സിന് നാല് റൺസ് ജയം 

63 പന്തുകളിൽ നിന്ന് 119 റൺസെടുത്ത് സഞ്ജു അവസാന പന്തിൽ പുറത്തായി
സെഞ്ചുറി കുറിച്ച് സഞ്ജു / ചിത്രം: ട്വിറ്റർ
സെഞ്ചുറി കുറിച്ച് സഞ്ജു / ചിത്രം: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് റൺസ് ജയം. 222 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു രാജസ്ഥാനായി സെഞ്ചുറി കുറിച്ചെങ്കിലും ഫലമുണ്ടായില്ല. 

63 പന്തുകളിൽ നിന്ന് 119 റൺസെടുത്ത് സഞ്ജു അവസാന പന്തിൽ പുറത്തായി. ഏഴ് സിക്‌സും 12 ഫോറുമടങ്ങുന്നതായിരുന്നു നായകന്റെ ഇന്നിം​ഗ്സ്. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. ഈ സമയത്ത് സിക്‌സിന് ശ്രമിച്ച സഞ്ജു പുറത്താകുകയായിരുന്നു. 

ബാറ്റിങ്ങിൽ തുടക്കത്തിൽ പതറിയ രാജസ്ഥാന് മൂന്നാം പന്തിൽ തന്നെ ബെൻ സ്റ്റോക്ക്‌സിനെ (0) നഷ്ടമായി. സ്‌കോർ 25-ൽ നിൽക്കെ  മനൻ വോറയും (12) പുറത്തായി. മൂന്നാം വിക്കറ്റിൽ സഞ്ജുവും ജോസ് ബട്ട്‌ലറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തെങ്കിലും 25 റൺസെടുത്ത ബട്ട്‌ലറെപുറത്താക്കി കൊൽക്കത്ത താരങ്ങൾ ഈ കൂട്ടുകെട്ടും പൊളിച്ചു. ശിവം ദുബെയുമൊത്ത് സഞ്ജു 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 റൺസെടുത്തിരിക്കെ ദുബെയും അടിയറവു പറഞ്ഞു. റിയാൻ പരാഗ് പഞ്ചാബ് ബൗളർമാർക്കെതിരെ ആഞ്ഞടിച്ചെങ്കിലും സഞ്ജുവിനൊപ്പം 52 റൺസ് കൂട്ടിച്ചേർത്ത ശേഷം 25 റൺസെടുത്ത പരാഗ് പുറത്തായി. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു.

ഐപിഎല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കി. ഐപിഎല്ലിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു.  ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ കിടിലൻ ബാറ്റിങാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. രാഹുൽ 50 പന്തുകൾ നേരിട്ട് 91 റൺസെടുത്തു. ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രാഹുലിന്റെ ഇന്നിങ്‌സ്. 28 പന്തിൽ 64 റൺസെടുത്ത് ദീപക് ഹൂഡയും 28 പന്തിൽ 40 റൺസുമായി ക്രിസ് ഗെയ്‌ലും രാഹുലിന് മികച്ച പിന്തുണ നൽകി. ഗെയ്ൽ നാല് ഫോറും രണ്ട് സിക്‌സും തൂക്കിയപ്പോൾ ഹൂഡയാണ് അപകടകാരിയായി മാറിയത്. നാല് ഫോറും ആറ് കൂറ്റൻ സിക്‌സുകളുമാണ് ഹൂഡയുടെ ബാറ്റിൽ നിന്ന് പിറന്നത്.  നിക്കോളാസ് പൂരൻ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ ഓപണർ മായങ്ക് അഗർവാൾ 14 റൺസുമായി കൂടാരം കയറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com