അവിശ്വസനീയ ജയം, ഹൈദരാബാദിനെ എറിഞ്ഞിട്ട് 'റോയല്‍' ബാംഗ്ലൂര്‍

സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം

ചെന്നൈ: അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ആറു റണ്‍സിനാണ് ബാംഗ്ലൂര്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഐപിഎല്‍ 14-ാം സീസണില്‍ ബാംഗ്ലൂരിന്റേത് തുടര്‍ച്ചയായ രണ്ടാം വിജയമാണ്. 

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17ാം ഓവര്‍ മുതല്‍ മത്സരം കൈവിടുകയായിരുന്നു.

സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു. വാര്‍ണറിനു പുറമെ സണ്‍റൈസേഴ്‌സ് നിരയില്‍ രണ്ടക്കം കണ്ടത് മനീഷ് പാണ്ഡെ (39 പന്തില്‍ 38), ജോണി ബെയര്‍സ്‌റ്റോ (13 പന്തില്‍ 12), റാഷിദ് ഖാന്‍ (ഒന്‍പത് പന്തില്‍ 17) എന്നിവര്‍ മാത്രം.

വൃദ്ധിമാന്‍ സാഹ (ഒന്ന്), അബ്ദുല്‍ സമദ് (0), വിജയ് ശങ്കര്‍ (മൂന്ന്), ജേസണ്‍ ഹോള്‍ഡര്‍ (നാല്), ഷഹബാദ് നദീം (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. 16 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സുമായി അനായാസ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ ഒറ്റ ഓവര്‍കൊണ്ട് അഞ്ചിന് 116 റണ്‍സ് എന്ന നിലയിലേക്ക് തള്ളിയിട്ട ഷഹബാസ് അഹമ്മദാണ് ബാംഗ്ലൂര്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ട് ഓവറില്‍ ഷഹബാസ് അഹമ്മദ് ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ അര്‍ധസെഞ്ചുറിക്കരുത്തില്‍ നേടിയത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ്.  41 പന്തുകള്‍ നേരിട്ട മാക്‌സ്‌വെല്‍ മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു. നായകന്‍ വിരാട് കോഹ്‌ലി 33 റണ്‍സെടുത്തു. ദേവദത്ത് പടിക്കല്‍ 11 ഉം, ഷഹബാസ് അഹമ്മദ് 14 റണ്‍സുമെടുത്തു. ഡിവില്ലിയേഴ്‌സ് (1), വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാന്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com