നോമ്പ് എടുത്ത് ഇത് പോലെ ബാറ്റ് ചെയ്യുക അസാധ്യം, വലിയ ധൈര്യം വേണം; റിസ്വാനെ ചൂണ്ടി ബാബര്‍ അസം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലാണ് ഓപ്പണിങ്ങില്‍ റിസ്വാനും ബാബര്‍ അസമും റെക്കോര്‍ഡിട്ടത്
ബാബര്‍ അസം, റിസ്വാന്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ബാബര്‍ അസം, റിസ്വാന്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

ജോഹന്നാസ്ബര്‍ഗ്: 197 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉയര്‍ത്താന്‍ തനിക്കൊപ്പം നിന്ന മുഹമ്മദ് റിസ്വാനെ പ്രശംസയില്‍ മൂടി പാക് നായകന്‍ ബാബര്‍ അസം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിലാണ് ഓപ്പണിങ്ങില്‍ റിസ്വാനും ബാബര്‍ അസമും റെക്കോര്‍ഡിട്ടത്. 

റിസ്വാന് ഒപ്പമുള്ള കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. ആ കളിച്ച വിധത്തിന് ഞാന്‍ എല്ലാ ക്രഡിറ്റും നല്‍കും. കാരണം നോമ്പെടുത്തിരിക്കുന്ന സമയം ആ വിധം ബാറ്റ് ചെയ്യുക, വിക്കറ്റ് കളയാതെ സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ബാബര്‍ അസം പറഞ്ഞു. 

നോമ്പ് അനുഷ്ടിച്ചു കൊണ്ട് അങ്ങനെ കളിക്കാന്‍ വലിയ ധൈര്യം വേണം. അവിടെ റിസ്വാന്‍ മുഴുവന്‍ ടീമിനും പ്രചോദനമായി. ഞങ്ങളില്‍ അത് ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്തു, പാക് ക്യാപ്റ്റന്‍ പറഞ്ഞു. 47 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും പറത്തിയാണ് റിസ്വാന്‍ 73 റണ്‍സ് നേടി പുറത്താവാതെ നിന്നത്. 

മറുവശത്ത് ബാബര്‍ അസമാവട്ടെ 59 പന്തില്‍ നിന്ന് 15 ഫോറും 4 സിക്‌സും പറത്തി നേടിയത് 122 റണ്‍സ്. ഇതിലൂടെ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 9 വിക്കറ്റ് കയ്യില്‍ വെച്ച് 12 പന്തുകള്‍ ശേഷിക്കെ നേടിയെടുത്തു. 

അതുപോലൊരു ഇന്നിങ്‌സിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നാണ് തന്റെ പ്രകടനത്തെ കുറിച്ച് ബാബര്‍ അസം പറഞ്ഞത്. അത് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഒരു അവസരം കിട്ടിയാല്‍ ഞാനത് പ്രയോജനപ്പെടുത്തും എന്ന് ഉറപ്പിച്ചു. അത് സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ബാബര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com