10-12 വര്‍ഷത്തേക്ക് മറ്റൊരാള്‍ വേണ്ട; പന്ത് ചിന്തിക്കുന്നത് കോഹ്‌ലിയേയും വില്യംസണിനേയും പോലെ: റിക്കി പോണ്ടിങ്‌

'എത്ര വേഗം കളിക്കാനിറങ്ങാനാവുമോ അത്രയും വേഗത്തില്‍ കളത്തിലിറക്കേണ്ട താരങ്ങളില്‍ ഒരാളാണ് റിഷഭ് പന്ത്'
റിഷഭ് പന്ത്/ഫയല്‍ ചിത്രം
റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ക്യാപ്റ്റന്‍ എന്ന നിലയില്‍ റിഷഭ് പന്തിന്റെ ചിന്തകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയോടും കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനോടും സാമ്യമുള്ളതാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്. വിന്നര്‍ എന്നാണ് പന്തിനെ പോണ്ടിങ് വിശേഷിപ്പിച്ചത്. 

എത്ര വേഗം കളിക്കാനിറങ്ങാനാവുമോ അത്രയും വേഗത്തില്‍ കളത്തിലിറക്കേണ്ട താരങ്ങളില്‍ ഒരാളാണ് റിഷഭ് പന്ത്. എത്ര നേരം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ അത്രയും നേരം ബാറ്റ് ചെയ്യണം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ പോണ്ടിങ് പറയുന്നു. 

വിരാട് കോഹ് ലിയേയും കെയ്‌നിനേയും പോലെയാണ് പന്ത് ചിന്തിക്കുന്നത്. എത്ര റണ്‍സ് വേണമെന്നല്ല, ഇവരിലൊരാള്‍ മറുവശത്തുണ്ടെങ്കില്‍ ഭൂരിഭാഗം സമയവും അവര്‍ ജയിക്കും. ഊര്‍ജസ്വലമാണ് പന്ത്. സ്റ്റംപിന് പിന്നില്‍ നിന്ന് നിങ്ങള്‍ക്കത് കേള്‍ക്കാമെന്നും പോണ്ടി പറഞ്ഞു. 

വിക്കറ്റ് കീപ്പര്‍ റോളില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ വലിയ പുരോഗതി പന്തില്‍ നിന്ന് കാണാനായതായും പോണ്ടിങ് പറഞ്ഞു. അതുപോലെ ബാറ്റ് ചെയ്യുന്നൊരാളെ എല്ലായ്‌പ്പോഴും താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കും. പന്തിനേക്കാള്‍ നന്നായി ഗില്‍ക്രിസ്റ്റ് കീപ്പ് ചെയ്യും. ഇംഗ്ലണ്ടിനെതിരെ ടേണിങ് പിച്ചുകളില്‍ പന്ത് കീപ്പ് ചെയ്യുന്നത് കണ്ടപ്പോള്‍ തന്നെ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായി. 

വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുകയും, ഇതേ നിലയില്‍ ബാറ്റ് ചെയ്യുകയും ചെയ്താല്‍ അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യയുടെ കീപ്പര്‍ പന്താവും. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ പന്ത് ഞങ്ങളെ നിരാശപ്പെടുത്തി. അമിത ശരീരഭാരവുമായാണ് പന്ത് യുഎഇയിലേക്ക് എത്തിയത്. എന്നാലിപ്പോള്‍ പന്ത് എല്ലാ അര്‍ഥത്തിലും ഫിറ്റാണെന്ന് പോണ്ടിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com