അനായാസം ധോനിപ്പട; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്‌സ്; പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി

അനായാസം ധോനിപ്പട; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിങ്‌സ്; പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി
മോയിൻ അലിയുടെ ബാറ്റിങ്/ ട്വിറ്റർ
മോയിൻ അലിയുടെ ബാറ്റിങ്/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് 14ാം സീസണിലെ ആദ്യ വിജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സില്‍ ഒതുക്കിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. 15.4 ഓവറില്‍ ചെന്നൈ ലക്ഷ്യം കണ്ടു. 

അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്കായി മോയിന്‍ അലി (31 പന്തില്‍ 46) മികച്ച ബാറ്റിങ് പുറത്തെടുത്തു. ഫാഫ് ഡുപ്ലെസിസ് (പുറത്താകാതെ 36), സാം കറന്‍ (പുറത്താകാതെ അഞ്ച്) എന്നിവര്‍ ചേര്‍ന്ന് ടീമിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിച്ചു. സുരേഷ് റെയ്‌ന (എട്ട്), ഓപണര്‍ റുതുരാജ് ഗെയ്ക്‌വാദ് (അഞ്ച്), അമ്പാട്ടി റായിഡു (പൂജ്യം) എന്നിവര്‍ പെട്ടെന്ന് മടങ്ങി.  

പഞ്ചാബിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.  

നേരത്തെ ടോസ് നേടി ചെന്നൈ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ചെന്നൈ ആദ്യ വിജയം ലക്ഷ്യമിടുമ്പോള്‍ പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം വിജയമാണ് മുന്നില്‍ കാണുന്നത്.

നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപക് ചഹറിന്റെ മാരക ബൗളിങ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മുന്‍നിരക്കാരും കൂറ്റനടിക്കാരുമായ മായങ്ക് അഗര്‍വാള്‍ (പൂജ്യം), ക്രിസ് ഗെയ്ല്‍ (പത്ത്), ദീപക് ഹൂഡ (പത്ത്), നിക്കോളാസ് പൂരന്‍ (പൂജ്യം) എന്നിവരെയാണ് ചഹര്‍ മടക്കിയത്. 

ആറാമനായി ക്രീസിലെത്തിയ ഷാരൂഖ് ഖാന്‍ ഒരറ്റത്ത് നിന്ന് നേടിയ 47 റണ്‍സാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. ടീം മൂന്നക്കം കടക്കുമോ എന്നു പോലും സംശയിച്ചു. ഈ ഘട്ടത്തിലാണ് ഷാരൂഖ് മികച്ച ബാറ്റിങ് പുറത്തെടുത്തത്. താരം 36 പന്തില്‍ 47 റണ്‍സെടുത്തു. രണ്ട് സിക്സും നാല് ഫോറും താരം നേടി. 15 റണ്‍സുമായി ജെയ് റിച്ചാര്‍ഡ്സ് ഷാരൂങിനെ പിന്തുണച്ചു. മുഹമ്മദ് ഷമി ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു. 

സാം കറന്‍, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ജഡേജ റണ്ണൗട്ടാക്കി. അഞ്ച് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com