’അത് ഞങ്ങളുടെ തെറ്റ്’ - മൂന്ന് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ അശ്വിൻ പിന്നെ പന്തെറിഞ്ഞില്ല!

’അത് ഞങ്ങളുടെ തെറ്റ്’ - മൂന്ന് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ അശ്വിൻ പിന്നെ പന്തെറിഞ്ഞില്ല!
അശ്വിൻ / ട്വിറ്റർ
അശ്വിൻ / ട്വിറ്റർ

മുംബൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയ ‍രാജസ്ഥാൻ റോയൽസ്- ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ പോരാട്ടത്തിൽ വിജയം രാജസ്ഥാൻ കൈപ്പിടിയിലൊതുക്കി. രാജസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെ, ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനു പിണഞ്ഞ ഒരു അബദ്ധം ചൂണ്ടിക്കാട്ടുകയാണ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്. 

ഡൽഹി നിരയിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറായ അശ്വിനെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ വന്ന പാളിച്ചയാണ് റിക്കി പോണ്ടിങ് ചൂണ്ടിക്കാട്ടുന്നത്. മത്സരത്തിലാകെ മൂന്ന് ഓവർ മാത്രമാണ് അശ്വിൻ പന്തെറിഞ്ഞത്. വഴങ്ങിയതാകട്ടെ 14 റൺസ് മാത്രം. അതിൽ ഒരു ബൗണ്ടറി പോലും എതിർ ബാറ്റ്സ്മാന് നേടാനും സാധിച്ചില്ല. എന്നിട്ടും അശ്വിന് നാലാമത്തെ ഓവർ നൽകാതിരുന്നത് തിരിച്ചടിയായെന്നാണ് പോണ്ടിങ്ങിന്റെ നിരീക്ഷണം.

നേരത്തെ, അവസാന ഓവറുകളിൽ രാജസ്ഥാന്റെ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നടത്തിയ കടന്നാക്രമണമാണ് കൈവള്ളയിലിരുന്ന മത്സരം ഡൽഹിക്ക് നഷ്ടമാക്കിയത്. അവസാന രണ്ട് ഓവറിൽ നാല് സിക്സറുകൾ സഹിതം 18 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്ന മോറിസാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. ഡേവിഡ് മില്ലറിന്റെ അർധ സെഞ്ച്വറിയും രാജസ്ഥാന് അനുഗ്രഹമായി.

മത്സരത്തിൽ അശ്വിൻ മൂന്നാം ഓവർ പൂർത്തിയാക്കുമ്പോൾ രാജസ്ഥാന് വിജയത്തിലേക്ക് 54 പന്തിൽ 92 റൺസാണ് വേണ്ടിയിരുന്നത്. ഈ സമയത്ത് രാഹുൽ തെവാത്തിയ ക്രീസിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും താരത്തിന് നാലാമത്തെ ഓവർ എറിയാൻ അവസരം നൽകാതിരുന്നത് തിരിച്ചടിച്ചെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു. 

‘ടീമിനെ ഒന്നിച്ചുവിളിച്ച് സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ ആദ്യം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളിലൊന്ന് ഇതായിരിക്കും. അശ്വിൻ വളരെ മനോഹരമായാണ് പന്തെറിഞ്ഞത്. മൂന്ന് ഓവറിൽ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും വിട്ടുകൊടുത്തത് 14 റൺസ് മാത്രം. ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ലെന്ന് ഓർക്കണം’ – പോണ്ടിങ് പറഞ്ഞു. 

‘ആദ്യ മത്സരത്തിൽ അത്ര കണ്ട് ശോഭിക്കാനാകാതെ പോയതിന്റെ നിരാശ അശ്വിനുണ്ടായിരുന്നു. അതുകൊണ്ട് ഈ മത്സരത്തിനുവേണ്ടി വളരെയധികം തയാറെടുപ്പുകളാണ് നടത്തിയത്. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്തായാലും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാനാകാതെ പോയത് ഞങ്ങളുടെ ഭാഗത്തു വന്ന വീഴ്ചയാണ്. തീർച്ചയായും അതേക്കുറിച്ച് പിന്നീട് ടീമുമായി സംസാരിക്കും’ – പോണ്ടിങ് വ്യക്തമാക്കി. 

അവസാന ഓവറുകളിൽ തകർത്തടിച്ച ക്രിസ് മോറിസിനെ തളയ്ക്കാൻ കരുതിവച്ചിരുന്ന ആയുധങ്ങൾ വേണ്ടവിധം പ്രയോഗിക്കാനായില്ലെന്നും പോണ്ടിങ് പറഞ്ഞു. മോറിസിന് എളുപ്പമുള്ള ലെങ്തിലാണ് ബോളർമാർ പന്തെറിഞ്ഞതെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

’ഞങ്ങൾ മോറിസിന് ചില എളുപ്പമുള്ള പന്തുകൾ എറിഞ്ഞുകൊടുത്തുവെന്ന് വേണം പറയാൻ. ലെങ്തൊന്നും ഉദ്ദേശിച്ച സ്ഥലത്തേ ആയിരുന്നില്ല. റീപ്ലേകൾ നോക്കിയാൽ അറിയാം, യോർക്കറുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിൽ മോറിസിന് ഈ വിധത്തിൽ സ്കോർ ചെയ്യാനാകുമായിരുന്നില്ല. സ്റ്റംപിനു മുകളിൽ ബാക്ക് ഓഫ് ദ ലെങ്ത് ബോളുകൾ എറിഞ്ഞാലും ഫലം കാണുമായിരുന്നു. പ്രത്യേകിച്ചും പന്തിന്റെ പേസ് പരിഗണിക്കുമ്പോൾ. മോറിസിനെതിരെ എങ്ങനെ പന്തെറിയണമെന്ന് ഞങ്ങൾ സംസാരിച്ചതാണ് പക്ഷേ, നടപ്പാക്കാനായില്ല’ – പോണ്ടിങ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com