അവസാന ഓവർ വരെ ആവേശം, ഡൽഹിയെ വീഴ്ത്തി രാജസ്ഥാന്റെ ആദ്യ ജയം 

രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച്
വിജയറൺ നേടി മോറിസ്/ ട്വിറ്റർ
വിജയറൺ നേടി മോറിസ്/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ മൂന്നു വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. രാജസ്ഥാന്റെ സീസണിലെ ആദ്യ ജയമാണിത്. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.4 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. രാജസ്ഥാന്റെ ജയ്ദേവ് ഉനദ്കട്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. 

ബാറ്റിങ്ങിൽ തകർച്ചയോടെ തുടങ്ങിയ രാജസ്ഥാന് 13 റൺസെടുക്കുന്നതിനിടെ ഓപ്പണർ മനൻ വോറയുടെ(9) വിക്കറ്റ് നഷ്ടപ്പെട്ടു. അതേ ഓവറിൽ തന്നെ ജോസ് ബട്‌ലറും(2) പുറത്തായി. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നായകൻ സഞ്ജു സാംസണും(4) അടിയറവു പറഞ്ഞതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിലായി രാജസ്ഥാൻ. ഡേവിഡ് മില്ലറും ശിവം ദുബെയും ചേർന്ന് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഡൽഹിയുടെ ബൗളിങ്ങിനുമുന്നിൽ ദുബെ (2) വീണു. പിന്നാലെ വന്ന പരാഗിനും(2) പിടിച്ചുനിൽക്കാനായില്ല. 

രാഹുൽ തെവാത്തിയയും മില്ലറും ചോർന്ന് 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പക്ഷെ 15-ാം ഓവറിൽ തെവാത്തിയ (19) പുറത്തായി. ഇതിനിടയിൽ മില്ലർ അർധസെഞ്ചുറി നേടി. ഇതിനുപിന്നാലെ തുടരെ രണ്ട് സിക്സുകൾ പായിച്ച താരം മൂന്നാം സിക്സിനായി ശ്രമിക്കുന്നതിനിടെ കീഴടങ്ങി.  43 പന്തുകളിൽ നിന്നും ഏഴ് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 62 റൺസ് നേടി മില്ലർ മടങ്ങി. 

 ഉനദ്കട്ടും ക്രിസ് മോറിസും ചേർന്ന കൂട്ടുകെട്ടാണ് രാജസ്ഥാന് വിജയപ്രതീക്ഷ നൽകിയത്. അവസാന ഓവറിൽ  ജയിക്കാൻ 12 റൺസ് വേണമെന്ന നിലയിലായിരുന്നു രാജസ്ഥാൻ. ആദ്യ പന്തിൽ രണ്ട് റൺസ് നേടിയ മോറിസ് രണ്ടാം പന്ത് സിക്സിന് പറത്തി. മൂന്നാം പന്തിൽ റൺസ് നേടാൻ കഴിഞ്ഞില്ല. പക്ഷെ നാലാം പന്തിൽ സിക്സ് നേടി മോറിസ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. 

മോറിസ് 18 പന്തുകളിൽ നിന്നും നാല് സിക്‌സിന്റെ അകമ്പടിയോടെ 36 റൺസ് നേടി. ഉനദ്കട്ട് 11 റൺസ് നേടി പുറത്താവാതെ നിന്നു. ഡൽഹിയ്ക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ക്രിസ് വോക്‌സ്, കഗിസോ റബാദ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിപ്പിക്കാൻ രാജസ്ഥാന് സാധിച്ചു. തുടക്കം മുതൽ രാജസ്ഥാൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ഡൽഹി പതറി. ഓപണർമാരായ പൃഥ്വി ഷ (രണ്ട്), ശിഖർ ധവാൻ (ഒൻപത്), അജിൻക്യ രഹാനെ (എട്ട്) എന്നിവർ ക്ഷണത്തിൽ മടങ്ങി. 

മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറർ. താരം അർധ സെഞ്ച്വറി നേടി. 32 പന്തിൽ ഒൻപത് ഫോറുകളുടെ അകമ്പടിയോടെയാണ് പന്തിന്റെ അർധ ശതകം. പന്തിനെ റിയാൻ പരാഗ് ഉജ്ജ്വലമായ ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. 

ലളിത് യാദവ് (20), ടോം കറൻ (21), ക്രിസ് വോക്‌സ് (പുറത്താകാതെ 15), ആർ അശ്വിൻ (ഏഴ്), റബാഡ (പുറത്താകാതെ ഒൻപത്) എന്നിവരാണ് റൺസെടുത്ത മറ്റ് താരങ്ങൾ. 

രാജസ്ഥാനായി ജയദേവ് ഉനദ്കട് നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ് ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com