'ഏഴാം സ്ഥാനത്തല്ല ഇറങ്ങേണ്ടത് നാല്, അഞ്ച് സ്ഥാനങ്ങളിൽ; എന്നിട്ട് ടീമിനെ മുന്നിൽ നിന്ന് നയിക്കു'- ധോനിയോട് ​ഗംഭീർ

ഏഴാം സ്ഥാനത്തല്ല ഇറങ്ങേണ്ടത് നാല്, അഞ്ച് സ്ഥാനങ്ങളിൽ; എന്നിട്ട് ടീമിനെ മുന്നിൽ നിന്ന് നയിക്കു- ധോനിയോട് ​ഗംഭീർ
ധോനി/ ട്വിറ്റർ
ധോനി/ ട്വിറ്റർ

ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനെന്ന നിലയിൽ എംഎസ് ധോനി ഏഴാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ​ഗൗതം ​ഗംഭീർ. ധോനി ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്ന് ഗംഭീർ വ്യക്തമാക്കി. 

ധോനി ബാറ്റിങ് ഓർഡറിൽ  നാലാമതോ അഞ്ചാമതോ ഇറങ്ങണം. ഏഴാം സ്ഥാനത്തിറങ്ങി ധോനിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ​ഗംഭീർ തുറന്നടിച്ചു. ചെന്നൈയുടെ ബൗളിങ് നിരയിൽ ചില പ്രശ്നങ്ങളുണ്ടെന്നും ​ഗംഭീർ വ്യക്തമാക്കി. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കവേയാണ് ​ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. 

'നായകൻ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവനാകണം. ഏഴാം സ്ഥാനത്ത് ബാറ്റിനിറങ്ങി ടീമിനെ നയിക്കാൻ ധോനിക്ക് കഴിയില്ല. ഇക്കാര്യം പലതവണ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ആ​ഗ്രഹിക്കുന്ന പോലെ ​ഗ്രൗണ്ടിന്റെ ഏത് ഭാ​ഗത്തേക്കും പന്ത് പായിക്കാൻ കഴിയുന്ന പഴയ ധോനിയല്ല ഇപ്പോൾ അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം ബാറ്റിങ് ഓർഡറിൽ നേരത്തെ ഇറങ്ങണം. എന്റെ അഭിപ്രായത്തിൽ അദ്ദേഹം നാലാമതോ അഞ്ചാമതോ ഇറങ്ങണം. അതിൽ താഴേക്ക് പോകരുത്'- ​ഗംഭീർ വ്യക്തമാക്കി. 

ഐപിഎല്ലിലെ ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ ധോനി രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ പുറത്തായിരുന്നു. 190 റൺസിനടുത്ത് സ്കോർ ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനുമായില്ല. കഴിഞ്ഞ സീസണിലും ധോനിക്ക് കാര്യമായി തിളങ്ങാനായില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com