നാലോവറിൽ 50 റൺസ്, പിന്നാലെ 137 റൺസിന് ഓൾ ഔട്ട്! ഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഹൈദരാബാദിനെ വീഴ്ത്തി മുംബൈ

നാലോവറിൽ 50 റൺസ്, പിന്നാലെ 137 റൺസിന് ഓൾ ഔട്ട്! ഇങ്ങനെ ഉണ്ടോ ഒരു തോൽവി; ഹൈദരാബാദിനെ വീഴ്ത്തി മുംബൈ
രാഹുൽ ചഹറിനെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ ട്വിറ്റർ
രാഹുൽ ചഹറിനെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ ട്വിറ്റർ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരവും തോറ്റ് സൺറൈസേഴ്സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസാണ് സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് 13 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബൗളർമാരാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെറിയ സ്‌കോറിൽ മുംബൈ ഇന്ത്യൻസിനെ ഒതുക്കിയെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാൻ സൺറൈസേഴ്‌സിന് സാധിച്ചില്ല. മുംബൈ മൂന്നു മത്സരങ്ങളിൽ നിന്നായി നേടുന്ന രണ്ടാം വിജയമാണിത്. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ സൺറൈസേഴ്‌സ് 19.4 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 151 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരബാദിന് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിച്ചില്ല. 43 റൺസെടുത്ത ജോണി ബെയർസ്‌റ്റോ മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. 

സൺറൈസേഴ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണറായ ജോണി ബെയർസ്‌റ്റോ നൽകിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 18 റൺസാണ് താരം നേടിയത്. തൊട്ടുപിന്നാലെ വന്ന ആദം മിൽനെയുടെ ഓവറിൽ 13 റൺസും ബെയർസ്‌റ്റോ നേടി. ഡേവിഡ് വാർണർ ബെയർസ്‌റ്റോയ്ക്ക് ആക്രമിച്ച് കളിക്കാനുള്ള അവസരമൊരുക്കി.

വാർണറും ബെയർസ്‌റ്റോയും ചേർന്ന് വെറും 4.4 ഓവറിൽ ടീം സ്‌കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ ഹൈദരാബാദ് 57 റൺസെടുത്തു. എന്നാൽ സ്‌കോർ 67-ൽ നിൽക്കേ ബെയർസ്‌റ്റോയെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ മുംബൈയ്ക്ക് ആശ്വാസം പകർന്നു. 22 പന്തുകളിൽ നിന്നും നാല് സിക്‌സുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 43 റൺസെടുത്ത ബെയർസ്‌റ്റോ ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 

ബെയർ‌സ്റ്റോയ്ക്ക് പകരം മനീഷ് പാണ്ഡെ ക്രീസിലെത്തി. എന്നാൽ നിലയുറപ്പിക്കും മുൻപ് വെറും രണ്ട് റൺസെടുത്ത പാണ്ഡെയെ രാഹുൽ ചഹാർ മടക്കി. ഇതോടെ 71 ന് രണ്ട് എന്ന നിലയിലേക്ക് സൺറൈസേഴ്‌സ് വീണു. 

പിന്നീട് മികച്ച രീതിയിൽ ബാറ്റ് ചെയ്ത വാർണർ സ്‌കോർ മുന്നോട്ട് ചലിപ്പിച്ചു. എന്നാൽ സ്‌കോർ 90-ൽ നിൽക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച വാർണറെ ഹാർദിക് പാണ്ഡ്യ റൺ ഔട്ടാക്കി. 34 പന്തുകളിൽ നിന്നും 36 റൺസെടുത്താണ് നായകൻ ക്രീസ് വിട്ടത്. 

വാർണർ പുറത്തായതോടെ സൺറൈസേഴ്‌സിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പിന്നാലെ സ്‌കോർ 102-ൽ നിൽക്കേ യുവതാരം വിരാട് സിങ്ങിനെ മടക്കി രാഹുൽ ചഹാർ സൺറൈസേഴ്‌സിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. വെറും 11 റൺസാണ് താരം നേടിയത്. 

മധ്യനിരയിലെ പോരായ്മകൾ സൺറൈസേഴ്‌സിന് കനത്ത വെല്ലുവിളിയുയർത്തി. തൊട്ടുപിന്നാലെ വന്ന അഭിഷേക് ശർമയേ അതേ ഓവറിൽ തന്നെ മടക്കി ചാഹർ സൺറൈസേഴ്‌സിന്റെ അഞ്ചാം വിക്കറ്റ് പിഴുതു. വെറും രണ്ട് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ടീം 104 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കർ ക്രുണാൽ പാണ്ഡ്യയുടെ ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സുകൾ നേടി സൺറൈസേഴ്‌സിന് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാൽ അബ്ദുൽ സമദിനെ റൺഔട്ടാക്കി ഹാർദിക് കളി വീണ്ടും മുംബൈയ്ക്ക് അനുകൂലമാക്കി. വെറും ഏഴ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. തൊട്ടുപിന്നാലെ വന്ന റാഷിദ് ഖാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബോൾട്ട് സൺറൈസേഴ്‌സിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. 

അവസാന രണ്ട് ഓവറുകളിൽ നിന്നു 21 റൺസായിരുന്നു സൺറൈസേഴ്‌സിന് വിജയിക്കാനായി വേണ്ടിയിരുന്നത്. 19-ാം ഓവർ എറിഞ്ഞ ബുംറ അഞ്ചാം പന്തിൽ സൺറൈസേഴ്‌സിന്റെ അവസാന പ്രതീക്ഷയായിരുന്ന വിജയ് ശങ്കറിനെ സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. 28 റൺസെടുത്താണ് താരം മടങ്ങിയത്. ആ ഓവറിൽ വെറും അഞ്ച് റൺസ് മാത്രമാണ് ബുംറ വിട്ടുനൽകിയത്. ഇതോടെ അവസാന ഓവറിൽ സൺറൈസേഴ്‌സിന്റെ വിജയലക്ഷ്യം 16 റൺസായി. 

അവസാന ഓവർ എറിഞ്ഞ ബോൾട്ട് ആദ്യ പന്തിൽ തന്നെ ഭുവനേശ്വറിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ സൺറൈസേഴ്‌സിന് 9 വിക്കറ്റുകൾ നഷ്ടമായി. നാലാം പന്തിൽ ഖലീൽ അഹമ്മദിന്റെയും വിക്കറ്റെടുത്ത് ബോൾട്ട് സൺറൈസേഴ്‌സിനെ ഓൾ ഔട്ടാക്കി. 

മുംബൈയ്ക്ക് വേണ്ടി രാഹുൽ ചഹാർ നാലോവറിൽ വെറും 19 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ട്രെന്റ് ബോൾട്ടും 3 വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്റ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ  സാധിച്ചില്ല. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച സൺറൈസേഴ്‌സ് ബൗളർമാർ പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി. 40 റൺസെടുത്ത ക്വിന്റൺ ഡി കോക്കും 35 റൺസ് നേടിയ പൊള്ളാർഡും മാത്രമാണ് മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മുബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും രോഹിത് ശർമയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് വെറും 5.3 ഓവറിൽ ടീം സ്‌കോർ 50 കടത്തി. രോഹിത്തായിരുന്നു കൂടുതൽ അപകടകാരി. ബൗളർമാരെ അനായാസം ഇരുവരും നേരിട്ടു. 

എന്നാൽ ബാറ്റിങ് പവർപ്ലേയ്ക്ക് ശേഷം വിജയ് ശങ്കറിനെ സൺറൈസേഴ്‌സ് നായകൻ വാർണർ പന്ത് ഏൽപ്പിച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ശങ്കർ അപകടകാരിയായ രോഹിത് ശർമയെ മടക്കി. 25 പന്തുകളിൽ നിന്നും 32 റൺസെടുത്ത രോഹിത്തിനെ ശങ്കർ വിരാട് സിങ്ങിന്റെ കൈയ്യിലെത്തിച്ചു. രോഹിത് മടങ്ങുമ്പോൾ 6.3 ഓവറിൽ 55 ന് ഒരുവിക്കറ്റ് എന്ന നിലയിലായി മുംബൈ.

രോഹിത്തിന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. നന്നായി തുടങ്ങിയെങ്കിലും 10 റൺസ് മാത്രമെടുത്ത സൂര്യകുമാറിനെ പുറത്താക്കി വിജയ് ശങ്കർ വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നൽകി. സ്‌കോർ 71-ൽ നിൽക്കേ വേഗം കുറഞ്ഞ പന്തിലാണ് ശങ്കർ സൂര്യകുമാറിനെ പുറത്താക്കിയത്. 

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷൻ സ്‌കോർ ചെയ്യാൻ നന്നായി പാടുപെട്ടു. ഡി കോക്കിനും വേഗം നഷ്ടപ്പെട്ടു. സ്‌കോർ 98-ൽ നിൽക്കേ ഡി കോക്കിനെ മുജീബുർ റഹ്മാൻ പുറത്താക്കി. 39 പന്തുകളിൽ നിന്നും 40 റൺസെടുത്ത ഡി കോക്ക് പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി. 

വൈകാതെ ഇഷാൻ കിഷനും പുറത്തായി. 12 റൺസെടുത്ത കിഷനെ മുജീബുർ റഹ്മാൻ പുറത്താക്കി. കിഷന് പകരം ഹാർദിക് പാണ്ഡ്യ പൊള്ളാർഡിന് കൂട്ടായി ക്രീസിലെത്തി.  പക്ഷേ ഹാർദിക്കിനും സൺറൈസേഴ്‌സ് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും ഏഴ് റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് പുറത്താക്കി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത പൊള്ളാർഡാണ് ടീം സ്‌കോർ 150 കടത്തിയത്.

35 റൺസെടുത്ത പൊള്ളാർഡും മൂന്ന് റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയും പുറത്താവാതെ നിന്നു. സൺറൈസേഴ്‌സിന് വേണ്ടി വിജയ് ശങ്കർ, മുജീബുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com