ടോസ് നഷ്ടപ്പെട്ടെങ്കിലും തന്ത്രങ്ങള്‍ നിറച്ച് മോര്‍ഗന്റെ ആക്രമണം; 9-2ലേക്ക് വീണ് ബാംഗ്ലൂര്‍ 

രണ്ടാമത്തെ ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയിലൂടെ കോഹ് ലിയെ മോര്‍ഗന്‍ കൂടാരം കയറ്റി. അതേ ഓവറില്‍ രജത്തും മടങ്ങി
കോഹ് ലിയെ പുറത്താക്കാന്‍ ക്യാച്ചെടുത്ത രാഹുല്‍ ത്രിപദിയുടെ ആഘോഷം/ഫോട്ടോ: ട്വിറ്റര്‍, ഐപിഎല്‍
കോഹ് ലിയെ പുറത്താക്കാന്‍ ക്യാച്ചെടുത്ത രാഹുല്‍ ത്രിപദിയുടെ ആഘോഷം/ഫോട്ടോ: ട്വിറ്റര്‍, ഐപിഎല്‍

ചെന്നൈ: ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ചെയ്‌സ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് വീണെങ്കിലും തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് മോര്‍ഗന്‍. ഹര്‍ഭജന്റെ കയ്യിലേക്കാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ആദ്യ ഓവര്‍ നല്‍കിയത്. രണ്ടാമത്തെ ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയിലൂടെ കോഹ് ലിയെ മോര്‍ഗന്‍ കൂടാരം കയറ്റി. അതേ ഓവറില്‍ രജത്തും മടങ്ങി. 

ഹര്‍ഭജനെ ഇറക്കി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാമത്തെ ഡെലിവറി നോബോളാവുകയും ഇതില്‍ ലഭിച്ച ഫ്രീഹിറ്റില്‍ കോഹ്‌ലി ലോങ് ഓണിന് മുകളിലൂടെ ബൗണ്ടറി നേടുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മുന്‍പില്‍ കോഹ്‌ലി രാഹുല്‍ ത്രിപദിക്ക് ക്യാച്ച് നല്‍കി മടങ്ങി. 

ട്രാക്കിന് പുറത്തേക്ക് ഇറങ്ങി കളിക്കാനുള്ള കോഹ് ലിയുടെ ശ്രമം പാളിയപ്പോള്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് കവറിലേക്ക് എത്തി. ഭീഷണിയില്ലാതെ പന്ത് ഗ്രൗണ്ട് തൊടുമെന്ന് തോന്നിച്ചെങ്കിലും പിറകിലേക്ക് ഓടി രാഹുല്‍ ഡൈവിലൂടെ ക്യാച്ചെടുത്തു. 

രണ്ടാം ഓവറിലെ അവസാന ഡെലിവറിയില്‍ രജത്തിനേയും വരുണ്‍ മടക്കി. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന താരമാണ് രജത് എന്നാണ് കോഹ് ലി മത്സരത്തിന് മുന്‍പ് പറഞ്ഞത്. എന്നാല്‍ വരുണിന്റെ പന്ത് രജത്തിന്റെ സ്റ്റംപ് ഇളക്കി. ഇതോടെ 9-2ലേക്ക് രണ്ടാം ഓവറില്‍ തന്നെ ബാംഗ്ലൂര്‍ വീണു. 

കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ടീമിനെ തന്നെയാണ് കൊല്‍ക്കത്ത ബാംഗ്ലൂരിന് എതിരേയും ഇറക്കിയത്. മൂന്ന് വിദേശ താരങ്ങളാണ് ബാംഗ്ലൂര്‍ ടീമിലുള്ളത്. ഡാന്‍ ക്രിസ്റ്റിയനെ ബാംഗ്ലൂര്‍ ഒഴിവാക്കി. രജത് പറ്റിഡാര്‍ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com