തകർന്നടിഞ്ഞ് രാജസ്ഥാൻ; 45 റൺസിന് ജയം പിടിച്ചെടുത്ത് ചെന്നൈ 

189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ കഴിഞ്ഞൊള്ളു
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ താരങ്ങൾ/ ട്വിറ്റർ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ താരങ്ങൾ/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 45 റൺസിന്റെ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ കഴിഞ്ഞൊള്ളു. ബാറ്റിങ്ങിൽ ഒന്നിനുപിറകെ ഒന്നായി തകർന്നടിഞ്ഞ് രാജസ്ഥാൻ താരങ്ങളിൽ 49 റൺസെടുത്ത ജോസ് ബട്ട്‌ലർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 35 പന്തുകളിൽ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിം​ഗ്സ്. 

രാജസ്ഥാൻ സ്‌കോർ 100 കടക്കും മുമ്പേ മനൻ വോറ (14), ക്യാപ്റ്റൻ സഞ്ജു സാംസൺ (1), ശിവം ദുബെ (17), ഡേവിഡ് മില്ലർ (2), റിയാൻ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവർ കീഴടങ്ങി. 12-ാം ഓവറിൽ ബട്ട്‌ലറുടെയും ദുബെയുടെ വിക്കറ്റ് വീണതോടെയാണ് കളി ചെന്നൈ അനുകൂലമാക്കിയത്. 15 പന്തിൽ നിന്ന് രാഹുൽ തെവാത്തിയ 20 റൺസും ജയദേവ് ഉനദ്കട്ട് 17 പന്തിൽ നിന്ന് 24 റൺസുമെടുത്തു. ചെന്നൈക്കായി മോയിൻ അലി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജയും സാം കറനും രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. സ്‌കോർ 25-ൽ നിൽക്കേ തന്നെ ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റുതുരാജ് ഗെയ്ക്വാദാണ് (10) ആദ്യം പുറത്തായത്. പിന്നാലെ തകർത്തടിച്ച ഫാഫ് ഡുപ്ലെസിസിനെ ആറാം ഓവറിൽ ക്രിസ് മോറിസ് മടക്കി. 17 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ.

സ്‌കോർ 78-ൽ നിൽക്കേ മോയിൻ അലിയെ (26) മടക്കി. പിന്നാലെ സ്‌കോർ ഉയർത്താൻ ശ്രമിച്ച അമ്പാട്ടി റായുഡുവിനെ ചേതൻ സക്കറിയ മടക്കി. 17 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 27 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 15 പന്തിൽ നിന്ന് 18 റൺസുമായി സുരേഷ് റെയ്നയും മടങ്ങി. 

ക്യാപ്റ്റൻ ധോനിക്ക് 17 പന്തിൽ നിന്ന് 18 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും എട്ടു പന്തിൽ നിന്ന് 20 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയാണ് ചെന്നൈ സ്‌കോർ 188-ൽ എത്തിച്ചത്. രവീന്ദ്ര ജഡേജ (8), സാം കറൻ (13), ശാർദുൽ താക്കൂർ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com