'എന്റെ സെഞ്ചുറി നോക്കേണ്ടതില്ല, കളി ഫിനിഷ് ചെയ്യൂ'; ദേവ്ദത്തിന് ക്രീസില്‍ കോഹ്‌ലി നല്‍കിയ മറുപടി

ഒരുപാട് സെഞ്ചുറികള്‍ ഇനിയും വരുമെന്നാണ് ദേവ്ദത്ത് മറുപടി പറഞ്ഞത്. ഇവിടെ സെഞ്ചുറി നേടിക്കഴിഞ്ഞിട്ട് അത് പറയാം എന്ന് ഞാനും മറുപടി കൊടുത്തു
വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍, ഐപിഎല്‍
വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍, ഐപിഎല്‍

മുംബൈ: തന്റെ സെഞ്ചുറി നോക്കേണ്ട കളി ഫിനിഷ് ചെയ്യാന്‍ ദേവ്ദത്ത് പടിക്കല്‍ പറഞ്ഞതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. രാജസ്ഥാനെതിരായ 10 വിക്കറ്റ് ജയത്തിന് പിന്നാലെയാണ് കോഹ് ലിയുടെ വാക്കുകള്‍. 

ക്രീസില്‍ വെച്ച് സെഞ്ചുറിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എന്നോട് കളി ഫിനിഷ് ചെയ്‌തോളാന്‍ ദേവ്ദത്ത് പറഞ്ഞു. എന്നാല്‍ ആദ്യം സെഞ്ചുറിയിലേക്ക് എത്താന്‍ ഞാന്‍ അവനോട് പറഞ്ഞു. ഒരുപാട് സെഞ്ചുറികള്‍ ഇനിയും വരുമെന്നാണ് ദേവ്ദത്ത് മറുപടി പറഞ്ഞത്. ഇവിടെ സെഞ്ചുറി നേടിക്കഴിഞ്ഞിട്ട് അത് പറയാം എന്ന് ഞാനും മറുപടി കൊടുത്തു. അവിടെ സെഞ്ചുറി ദേവ്ദത്ത് അര്‍ഹിച്ചതാണ്; കോഹ്‌ലി പറഞ്ഞു. 

ഒന്നാന്തരം ഇന്നിങ്‌സ് ആണ് അത്. 30 റണ്‍സിന് ശേഷം സ്‌കോറിങ്ങിന്റെ വേഗം കൂട്ടുന്നില്ലെന്ന വിമര്‍ശനം ദേവ്ദത്തിന് നേരെയുണ്ടായി. അതിനെയെല്ലാമാണ് ദേവ്ദത്ത് ഇവിടെ അവസാനിപ്പിച്ചത്. ദേവ്ദത്തിന്റെ പൊക്കം കാരണം ബൗളര്‍മാര്‍ ലെങ്ത് കണ്ടെത്താന്‍ പ്രയാസപ്പെട്ടു എന്നും കോഹ് ലി പറഞ്ഞു. 

തുടരെയുള്ള നാല് ജയത്തില്‍ അമിതമായ ആഹ്ലാദം വേണ്ടതില്ലെന്നും ആര്‍സിബി ക്യാപ്റ്റന്‍ ആരാധകരെ ഓര്‍മപ്പെടുത്തി. നമ്മള്‍ പ്രൊഫഷണലുകളാണ്. കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം. ഒരു സമയം ഒരു ചുവട്, കോഹ്‌ലി പറഞ്ഞു. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചായിരുന്നു വാങ്കഡെയിലേത്. എന്നാല്‍ രാജസ്ഥാനെ 43-4ലേക്ക് വീഴ്ത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞു. മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 178 റണ്‍സ് വിജയ ലക്ഷ്യം അനായാസം മറികടന്നതോടെ പോയിന്റ് ടേബിളില്‍ ബാംഗ്ലൂര്‍ ഒന്നാം സ്ഥാനവും കയ്യടക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com