'ഇതുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തത്'; സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍ 

ബാറ്റിങ്ങില്‍ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണം എന്ന് ഗാവസ്‌കര്‍ പറഞ്ഞു
സഞ്ജു സാംസണ്‍, വിരാട് കോഹ്‌ലി/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍, വിരാട് കോഹ്‌ലി/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

മുംബൈ: തുടരെ മൂന്നാമത്തെ മത്സരത്തിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട സഞ്ജു സാംസണിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ബാറ്റിങ്ങില്‍ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണം എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

മുന്‍പില്‍ നിന്ന് ക്യാപ്റ്റന്‍ നയിക്കേണ്ടതുണ്ട്. ആദ്യത്തെ കളിയില്‍ സഞ്ജുവിന് അതിനായി. ഒരു കളിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. പിന്നെ വരുന്ന കളിയില്‍ നല്ല സ്‌കോര്‍ കണ്ടെത്തിയ ഇന്നിങ്‌സിന്റെ തുടര്‍ച്ച എന്നോണം ബാറ്റ് വീശാനാണ് സഞ്ജു ശ്രമിക്കുക. സെഞ്ചുറി പിറന്ന ഇന്നിങ്‌സ് എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് അടുത്ത കളിയില്‍ സഞ്ജു ബാറ്റിങ് തുടങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു പുറത്തായതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ നിര്‍ണായക താരം സഞ്ജുവാണെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 'ക്യാപ്റ്റന്‍ മുന്‍പില്‍ നിന്ന് മാതൃക കാണിക്കണം. അവര്‍ക്ക് ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ് എന്നിവരുണ്ട്. അവര്‍ക്ക് വന്ന് കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനാവും. എന്നാല്‍ രാജസ്ഥാന്‍ മുന്‍ നിര വേണ്ട വിധം കളിച്ചാലെ അതിനാവു.' 

രാജസ്ഥാന്റെ ബാറ്റിങ് പൊസിഷനില്‍ 5, 6, 7 സ്ഥാനങ്ങളില്‍ പ്രശ്‌നമുണ്ട്. അവര്‍ക്ക് ഫിനിഷര്‍മാരുമില്ല. അതിനാല്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന ക്യാപ്റ്റന്‍ റണ്‍സ് കണ്ടെത്തുക വളരെ പ്രാധാന്യം അര്‍ഹിക്കുന്നു, ഗാവസ്‌കര്‍വ പറഞ്ഞു. 

സീസണിലെ തുടരെ മൂന്നാമത്തെ തോല്‍വിയിലേക്കാണ് രാജസ്ഥാന്‍ 
വീണത്. ഒരുവേള 43-4ലേക്ക് തകര്‍ന്നെങ്കിലും പരാഗും ദുബെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജസ്ഥാനെ പിടിച്ചു കയറ്റി. 40 റണ്‍സ് എടുത്ത തെവാതിയയുടെ ഇന്നിങ്‌സ് കൂടെ വന്നതോടെ രാജസ്ഥാന്‍ സ്‌കോര്‍ 177ലേക്ക് എത്തി. 

എന്നാല്‍ 10 വിക്കറ്റും കയ്യില്‍ വെച്ച് 21 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ ജയം പിടിച്ചു. ദേവ്ദത്ത് പടിക്കല്‍ സീസണിലെ തന്റെ ആദ്യ സെഞ്ചുറി നേടി. ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com