69 റൺസിന്റെ കൂറ്റൻ തോൽവി; പിന്നാലെ കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടിയും; ഇരട്ട പ്രഹരം

69 റൺസിന്റെ കൂറ്റൻ തോൽവി; പിന്നാലെ കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടിയും; ഇരട്ട പ്രഹരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎൽ 14ാം സീസണിൽ അപരാജിത കുതിപ്പുമായി മുന്നേറിയ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ വിജയത്തുടർച്ചയ്ക്ക് ഇന്നലെ ചെന്നൈ സൂപ്പർ കിങ്സ് വിരാമമിട്ടിരുന്നു. ചെന്നൈ ടീമിനോട് 69 റൺസിൻറെ കൂറ്റൻ തോൽവിയാണ് ആർസിബി വഴങ്ങിയത്. 

തോൽവിക്ക് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ നായകൻ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവർ നിരക്കിന് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിൽ ആർസിബി കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. 

14ാം സീസണിൽ ഓവർ നിരക്ക് ചട്ടം ബിസിസിഐ കർശനമായാണ് നടപ്പാക്കുന്നത്. സ്ട്രറ്റീജിക് ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളിൽ 14.1 ഓവർ പൂർത്തിയാക്കണം എന്നാണ് ഐപിഎൽ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 90 മിനുറ്റിനുള്ളിൽ 20 ഓവർ ക്വാട്ട പൂർത്തീകരിക്കുകയും വേണം. 

ഓവർ നിരക്കിൽ വീഴ്‌ച വരുത്തിയാൽ ആദ്യ തവണ 12 ലക്ഷവും അതേ സീസണിൽ വീണ്ടും തെറ്റാവർത്തിച്ചാൽ നായകൻ 24 ലക്ഷവും പ്ലെയിങ് ഇലവനിലെ മറ്റ് താരങ്ങൾ മാച്ച് ഫീയുടെ 25 ശതമാനവും പിഴയൊടുക്കണം എന്നാണ് ഐപിഎൽ ചട്ടങ്ങളിൽ പറയുന്നത്. മൂന്നാം തവണയും പിഴവുണ്ടായാൽ നായകൻ ഒരു മത്സരത്തിൽ വിലക്ക് നേരിടുകയും 30 ലക്ഷം രൂപ പിഴ നൽകുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com