ന്യൂസിലാൻഡ് കളിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല; ഇന്ത്യൻ സംഘത്തിനൊപ്പം യുകെയിലേക്ക് പോവേണ്ട സ്ഥിതി

ഐപിഎല്ലിന് ശേഷം ന്യൂസിലാൻഡിലേക്ക് മടങ്ങിയാൽ കളിക്കാർ 14 ദിവസം ക്വാറന്റൈനിലിരിക്കണം
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ

വെല്ലിങ്ടൺ: ഐപിഎല്ലിന് ശേഷം ന്യൂസിലാൻഡ് കളിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനാവില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ന്യൂസിലാൻഡ് താരങ്ങളേയും യുകെയിലേക്ക് എത്തിക്കാനാണ് ശ്രമം എന്ന് ന്യൂസിലാൻ‍‍ഡ് ക്രിക്കറ്റ് പ്ലേയേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. 

ഐപിഎല്ലിന് ശേഷം ന്യൂസിലാൻഡിലേക്ക് മടങ്ങിയാൽ കളിക്കാർ 14 ദിവസം ക്വാറന്റൈനിലിരിക്കണം. ഇത് കളിക്കാരെ കൂടുതൽ ബാധിക്കും എന്ന് വിലയിരുത്തുന്നതായി ന്യൂസിലാൻഡ് ക്രിക്കറ്റ് പ്ലേയേഴ്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഹീത്ത് മിൽസ് പറഞ്ഞു. കെയ്ൻ വില്യംസൺ, ട്രെന്റ് ബോൾട്ട്, ജാമിസൺ, മിച്ചൽ സാന്ത്നർ ഉൾപ്പെടെ 10 കിവീസ് താരങ്ങളാണ് ഐപിഎല്ലിൽ കളിക്കുന്നത്. എന്നാൽ ഇത്രയും നാൾ കളിക്കാർക്ക് നാട്ടിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്നത് പ്രയാസമാവും എന്ന വിലയിരുത്തലും ശക്തമാണ്.

ഇം​ഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ന്യൂസിലാൻഡ് കളിക്കുന്നുണ്ട്. ജൂൺ രണ്ടിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഐപിഎൽ കളിക്കുന്ന നീഷാം, ആദം മിൽനെ, ഫിൻ അലൻ, തിം സീഫേർട്ട്, ലോക്കി ഫെർ​ഗൂസൻ എന്നിവർ കിവീസ് ടെസ്റ്റ് ടീമിന്റെ ഭാ​ഗമല്ല. 

ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാനസിക സമ്മർദം നേരിടുന്നതായി കളിക്കാർ അറിയിച്ചിട്ടില്ലെന്ന് ഹീത്ത് മിൽസ് പറഞ്ഞു. ഇന്ത്യയിലെ നിലവിലെ സ്ഥിതി​ഗതികൾ കാണുമ്പോൾ അവർക്ക് ആശങ്കയുണ്ടാവും. എന്നാൽ ആ ആശങ്ക വലിയ മാനസിക വെല്ലുവിളി അവരിൽ ഉയർത്തുന്നില്ലെന്ന് മിൽസ് വ്യക്തമാക്കി. നേരത്തെ ഓസീസ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സ‌ൺ എന്നിവർ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com