'പോഡിയത്തില്‍ നിന്ന് എനിക്ക് നൃത്തം വയ്ക്കണം', ടോക്യോയില്‍ നിന്ന് ശ്രീജേഷിന്റെ മടക്കം നിറഞ്ഞാടി

2006ല്‍ തുടങ്ങി ടോക്യോയില്‍ എത്തി നില്‍ക്കുന്ന യാത്ര ഗോള്‍ പോസ്റ്റിന് മുകളിലിരുന്ന ആ നിമിഷം ശ്രീജേഷിന്റെ മനസിലൂടെ മിന്നി മാഞ്ഞ് പോയിട്ടുണ്ടാവും
പിആര്‍ ശ്രീജേഷ്/ഫോട്ടോ: ട്വിറ്റര്‍
പിആര്‍ ശ്രീജേഷ്/ഫോട്ടോ: ട്വിറ്റര്‍

പോഡിയത്തില്‍ നിന്ന് എനിക്ക് നൃത്തം വയ്ക്കണം, ടോക്യോയിലേക്ക് പറക്കുന്നതിന് മുന്‍പ് ശ്രീജേഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. തിരികെ നാട്ടിലേക്ക് ശ്രീജേഷ് മടങ്ങുന്നത് നിറഞ്ഞാടിയും...വെങ്കല പോരില്‍ ജര്‍മനിക്കെതിരായ കളിയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പിആര്‍ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മുകളിലേക്ക് കയറി ഇരുന്നു. 2006ല്‍ തുടങ്ങി ടോക്യോയില്‍ എത്തി നില്‍ക്കുന്ന യാത്ര ഗോള്‍ പോസ്റ്റിന് മുകളിലിരുന്ന ആ നിമിഷം ശ്രീജേഷിന്റെ മനസിലൂടെ മിന്നി മാഞ്ഞ് പോയിട്ടുണ്ടാവും...ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയുടെ നെടുംതൂണായി നിന്ന താരത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് രാജ്യം.

കളി അവസാനിക്കാന്‍ ആറ് സെക്കന്റ് മാത്രമുള്ളപ്പോള്‍ വന്ന ജര്‍മനിയുടെ പെനാല്‍റ്റി കോര്‍ണര്‍ തട്ടിയകറ്റിയതായിരിക്കും ഒരുപക്ഷേ ശ്രീജേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സേവ്. സമനില പിടിക്കാന്‍ ഉറച്ച് 57ാം മിനിറ്റില്‍ റീബൗണ്ടില്‍ പിടിച്ചുള്ള ജര്‍മനിയുടെ ശ്രമം പരാജയപ്പെടുത്തിയതുള്‍പ്പെടെ എണ്ണം പറഞ്ഞ സേവുകളുമായാണ് ടോക്യോയില്‍ ശ്രീജേഷ് നിറഞ്ഞത്. 

10ല്‍ അധികം പെനാല്‍റ്റി കോര്‍ണറുകളാണ് ജര്‍മനിക്ക് ലഭിച്ചത്. അവിടെ വന്‍മതിലായി ശ്രീജേഷ് നിലയുറപ്പിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ മെഡല്‍ കാത്തിരിപ്പിന് അവസാനമായത്. 12 വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പോലും കഴിയാതിരുന്ന താരം. അവിടെ നിന്നാണ് ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നായകന്‍ മന്‍പ്രീത് സിങ്ങിന് കാര്‍ഡ് ലഭിച്ച് ആറ് മിനിറ്റ് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ സഹതാരങ്ങളുടെ ഊര്‍ജം ചോരാതെ നോക്കി തന്റെ നേതൃത്വ മികവും പുറത്തെടുക്കുന്നിടത്തേക്ക് ശ്രീജേഷ് വളര്‍ന്ന് എത്തിയത്.

2-0ന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു തിരികെ കയറി എത്തിയ ഇന്ത്യയുടെ വെങ്കല പോരിലെ ജയം.നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയശേഷം ലഭിക്കുന്ന ആദ്യ മെഡല്‍. ഒളിംപിക്‌സില്‍ ഇന്ത്യയുടെ 12ാം മെഡലാണിത്. എട്ടു സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇതിനുമുമ്പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടിയത്.

അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്. തീമൂര്‍ ഒറൂസിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ നിക്കോളാസ് വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ബെനഡിക്റ്റ് ഫര്‍ക്കിലൂടെ ജര്‍മനി 31 ന് ആധിപത്യം നേടി.

എന്നാല്‍ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. പെനാല്‍റ്റി കോര്‍ണര്‍ ഗോള്‍പോസ്റ്റിലേക്ക് രൂപീന്ദര്‍പാല്‍ തിരിച്ചുവിട്ടെങ്കിലും ഗോളി തട്ടിത്തെറിപ്പിച്ചു. പന്ത് എത്തിയത് ഹാര്‍ദിക് സിങ്ങിനടുത്ത്. അനായാസം പന്ത് വലയിലെത്തിച്ച് ഹാര്‍ദിക് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

തൊട്ടടുത്ത നിമിഷം പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ സമനിലയിലെത്തിച്ചു. ഇതോടെ മല്‍സരം ആവേശക്കൊടുമുടിയിലായി. മൂന്നാം ക്വാര്‍ട്ടറില്‍ രൂപീന്ദര്‍പാല്‍ സിങ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് രൂപീന്ദര്‍ ഇന്ത്യയെ മുന്നിലെത്തിച്ചത്.

പിന്നാലെ സിമ്രാന്‍ജിത് സിങ് ഇന്ത്യയുടെ അഞ്ചാമത്തെ ഗോളും കണ്ടെത്തി. സിമ്രാന്‍ജിത്തിന്റെ രണ്ടാം ഗോളാണിത്. നാലാം ക്വാര്‍ട്ടറില്‍ എല്ലാം മറന്നുപൊരുതിയ ജര്‍മ്മനി ലൂക്കാസ് വിന്‍ഡ്‌ഫെഡറിലൂടെ ഒരു ഗോള്‍ കൂടി മടക്കി. ഇതോടെ സ്‌കോര്‍ 54 ലെത്തി. അവസാന നിമിഷങ്ങളില്‍ ജര്‍മ്മനി ഗോള്‍ മടക്കാന്‍ നടത്തിയ പ്രത്യാക്രമണങ്ങളെ മനസാന്നിധ്യത്തോടെ ചെറുത്ത ഗോളി ശ്രീജേഷിന്റെ മികവാണ് ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം സമ്മാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com