ഹോക്കി ടീമിലെ എല്ലാവര്‍ക്കും ഒരു കോടി വീതം; പ്രഖ്യാപനവുമായി പഞ്ചാബ്‌

വെങ്കല പോരില്‍ ജര്‍മനിയെ 5-4ന് ഇന്ത്യ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയുടെ പ്രഖ്യാപനം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ചണ്ഡീഗഡ്: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ പഞ്ചാബ് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ്. വെങ്കല പോരില്‍ ജര്‍മനിയെ 5-4ന് ഇന്ത്യ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിങ് സോധിയുടെ പ്രഖ്യാപനം. 

അര്‍ഹിച്ച ജയം ആഘോഷിക്കുന്നതില്‍ നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും പഞ്ചാബ് മന്ത്രി തങ്ങളുടെ ഹോക്കി താരങ്ങളോട് പറയുന്നു. എട്ട് പഞ്ചാബ് താരങ്ങളാണ് ഇന്ത്യന്‍ ഹോക്കി ടീമിലുള്ളത്. 

നായകന്‍ മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, രുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ഷംഷര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ടോക്യോയിലേക്ക് പറന്ന ഇന്ത്യന്‍ ഹോക്കി സംഘത്തില്‍ ഉള്‍പ്പെട്ട പഞ്ചാബ് താരങ്ങള്‍. സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

ടോക്യോയിലെ വെങ്കലത്തിന് മുന്‍പ് 1980ലാണ് ഇന്ത്യ അവസാനമായി ഹോക്കിയില്‍ മെഡല്‍ നേടുന്നത്. മോസ്‌കോ ഒളിംപിക്‌സിലായിരുന്നു ഇത്. ഇന്ത്യന്‍ ടീമിന്റെ ടോക്യോയിലെ നേട്ടത്തേയും പഞ്ചാബ് താരങ്ങളുടെ മികവിനേയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com