ചെറുത്തുനിന്ന് രാഹുലും ജഡേജയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ്

ചെറുത്തുനിന്ന് രാഹുലും ജഡേജയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക ലീഡ്
കെഎൽ രാഹുലും ജഡേജയും ബാറ്റിങിനിടെ/ ട്വിറ്റർ
കെഎൽ രാഹുലും ജഡേജയും ബാറ്റിങിനിടെ/ ട്വിറ്റർ

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി ഇന്ത്യ. 95 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 183 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 278 റണ്‍സാണ് കണ്ടെത്തിയത്. 

ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് അവസരം കിട്ടിയ ഓപണര്‍ കെഎല്‍ രാഹുലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 84 റണ്‍സുമായി രാഹുല്‍ ഒരറ്റത്ത് ചെറുത്തുനിന്നു. നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. 214 പന്തുകള്‍ നേരിട്ട് 12 ഫോറുകളുടെ അകമ്പടിയിലാണ് താരം 84 റണ്‍സ് കണ്ടെത്തിയത്. 

വാലറ്റത്ത് അര്‍ധ സെഞ്ച്വറി കണ്ടെത്തി രവീന്ദ്ര ജഡേജയും തിളങ്ങി. ജഡേജ 56 റണ്‍സാണ് കണ്ടെത്തിയത്. 86 പന്തുകള്‍ നേരിട്ട് ജഡേജ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി നേടിയത്. 

34 പന്തുകള്‍ നേരിട്ട് ജസ്പ്രിത് ബുമ്‌റ 28 റണ്‍സെടുത്തു. മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതമാണ് ബുമ്‌റ ചെറുത്തു നിന്നത്. ഏഴ് റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഇരുവരുടേയും പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 റണ്‍സ് കടത്തിയത്. മുഹമ്മദ് ഷമി 13 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ രോഹിത് ശര്‍മ (36), ഋഷഭ് പന്ത് (25) എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. 

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (പൂജ്യം), ചേതേശ്വര്‍ പൂജാര (നാല്), അജിന്‍ക്യ രഹാനെ (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. ശാര്‍ദുല്‍ ഠാക്കൂറും റണ്ണൊന്നുമെടുക്കാതെ മടങ്ങി. 

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നാല് വിക്കറ്റുകളാണ് പിഴുതത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com