ഇന്ത്യന്‍ വനിതകള്‍ പൊരുതി വീണു ; ഒളിംപിക്‌സ് ഹോക്കിയില്‍ ബ്രിട്ടന് വെങ്കലം

ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മെഡല്‍ എന്ന ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യ ശക്തമായ പോരാട്ടമാണ് ബ്രിട്ടനെതിരെ കാഴ്ചവെച്ചത്
ഇന്ത്യ-ബ്രിട്ടന്‍ മല്‍സരത്തില്‍ നിന്ന് / പിടിഐ ചിത്രം
ഇന്ത്യ-ബ്രിട്ടന്‍ മല്‍സരത്തില്‍ നിന്ന് / പിടിഐ ചിത്രം

ടോക്യോ : ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. വെങ്കലമെഡല്‍ ബ്രിട്ടന്‍ നേടി. ആവേശകരമായ മല്‍സരത്തില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മെഡല്‍ എന്ന ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യ ശക്തമായ പോരാട്ടമാണ് ബ്രിട്ടനെതിരെ കാഴ്ചവെച്ചത്.  

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര്‍ ഗോള്‍ നേടി. ഇന്ത്യക്കു വേണ്ടി ഗുര്‍ജിത് കൗര്‍ രണ്ടു ഗോള്‍ നേടി. വന്ദന കടാരിയയുടേതാണ് മൂന്നാം ഗോള്‍. ടൂര്‍ണമെന്റില്‍ വന്ദനയുടെ നാലാം ഗോളാണിത്. 

16-ാം മിനുട്ടില്‍ സിയാന്‍ റായെറിലൂടെ ബ്രിട്ടനാണ് ആദ്യം മുന്നിലെത്തിയത്. 24-ാം മിനിട്ടില്‍ സാറ റോബര്‍ട്‌സണിലൂടെ ബ്രിട്ടന്‍ ലീഡ് രണ്ടായി ഉയര്‍ത്തി. പിന്നാലെ ഉണര്‍ന്നു കളിച്ച ഇന്ത്യ, ഗുര്‍ജിത് കൗറിലൂടെ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗോള്‍.

തൊട്ടടുത്ത നിമിഷം ബ്രിട്ടനെ ഞെട്ടിച്ച് ഗുര്‍മീത് ഇന്ത്യയുടെ സമനില ഗോളും കണ്ടെത്തി. ടൂര്‍ണമെന്റിലെ ഗുര്‍മീതിന്റെ നാലാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഗോള്‍വേട്ടക്കാരി വന്ദന കടാരിയ ഇന്ത്യയെ മുന്നിലെത്തിച്ചു. 

മൂന്നാം ക്വാര്‍ട്ടറില്‍ നായിക  പിയേനി വെബിലൂടെ ബ്രിട്ടന്‍ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പമെത്തി. 48-ാം മിനുട്ടില്‍ ഗ്രേസ് ബാല്‍സ്ഡണ്‍ നാലാമത്തെ ഗോളും നേടി ബ്രിട്ടീഷ് വിജയം ഉറപ്പിച്ചു. മല്‍സരം തോറ്റ ഇന്ത്യ നാലാം സ്ഥാനത്തായി. 
1980 മോസ്‌കോ ഒളിംപിക്‌സിലും ഇന്ത്യ നാലാം സ്ഥാനം നേടിയിരുന്നു.  

ഇന്നു നടക്കുന്ന കലാശപ്പോരില്‍ നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെ നേരിടും. ആദ്യ സെമിയില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് ബ്രിട്ടനെ തോല്‍പ്പിച്ചത്. 2008ലും 2012ലും വെള്ളി നേടിയ അര്‍ജന്റീന 2016ല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. റിയോയിലെ വെങ്കല മെഡല്‍ ജേതാക്കളാണ് ജര്‍മനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com