'കഴിഞ്ഞ വര്‍ഷം എനിക്ക് പോകണം എന്നായിരുന്നു, ഈ വര്‍ഷം തുടരണമെന്നും'; പൊട്ടിക്കരഞ്ഞ് മെസി 

എന്റെ രക്തം തണുത്തുറയുന്നത് പോലെ. ഞാന്‍ അതീവ ദുഖിതനാണ്. ഈ നിമിഷവും ഇത് അംഗീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
നൗകാമ്പിലെ വാര്‍ത്താ സമ്മേളനത്തില്‍ മെസി/ഫോട്ടോ: ട്വിറ്റര്‍
നൗകാമ്പിലെ വാര്‍ത്താ സമ്മേളനത്തില്‍ മെസി/ഫോട്ടോ: ട്വിറ്റര്‍

നൗകാമ്പ്: ബാഴ്‌സയോട് വിടപറയുന്ന പ്രസ് കോണ്‍ഫറന്‍സിനിടയില്‍ പൊട്ടിക്കരഞ്ഞ് മെസി. എന്റെ രക്തം തണുത്തുറയുന്നത് പോലെ. ഞാന്‍ അതീവ ദുഖിതനാണ്. ഈ നിമിഷവും ഇത് അംഗീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷം എന്നാണ് ക്ലബ് വിടുന്നതിനെ കുറിച്ച് മെസി പറഞ്ഞത്. 

എനിക്ക് ഈ ക്ലബ് വിടാന്‍ ആഗ്രഹമില്ല. ഞാന്‍ സ്‌നേഹിക്കുന്ന ക്ലബാണ് ഇത്. ഞാന്‍ പ്രതീക്ഷിക്കാത്ത നിമിഷമാണ് ഇത്. കഴിഞ്ഞ വര്‍ഷം എനിക്ക് പോകണം എന്നായിരുന്നു. ഈ വര്‍ഷം എനിക്ക് തുടരണം എന്നും. അതാണ് എന്നെ കൂടുതല്‍ ദുഖിപ്പിക്കുന്നത്. 

തിരികെ വീട്ടിലെത്തുമ്പോഴും എന്റെ ഈ നിരാശ തുടരും. ചിലപ്പോള്‍ ഇതിലും മോശമാവും. ഈ ക്ലബിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. ഇനി പുതിയ കഥ തുടങ്ങും. 

ഈ വിധം ഗുഡ്‌ബൈ പറയേണ്ടി വരുമെന്ന് കരുതിയില്ല. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാതിരുന്നതിന് ശേഷമാണ് ഞാന്‍ ക്ലബ് വിടുന്നത്. നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ ഇങ്ങനെയായി. ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും, വാര്‍ത്താ സമ്മേളനത്തില്‍ മെസി പറഞ്ഞു. 

ഞാന്‍ ഇവിടെ എത്തിയിട്ട് ഒരുപാട് വര്‍ഷമായി. എന്റെ ജീവിതം മുഴുവന്‍, എനിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍. 21 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ വിടപറയുന്നത്. വന്ന ദിവസം മുതല്‍ പടിയിറങ്ങുന്ന ഈ നിമിഷം വരെ ഈ ജേഴ്‌സി അണിഞ്ഞ് ക്ലബിനായി ഞാന്‍ എന്റെ എല്ലാം നല്‍കി. നിറഞ്ഞ സംതൃപ്തിയോടെയാണ് ഞാന്‍ പോകുന്നത്, മെസി പറഞ്ഞു. 

പിഎസ്ജിയിലേക്കാണോ പോകുന്നത് എന്ന ചോദ്യത്തിനും മെസി മറുപടി നല്‍കി. ആരുമായും ധാരണയില്‍ എത്തിയിട്ടില്ല. പിഎസ്ജി എന്നത് ഒരു സാധ്യതയാണ്. ആ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എനിക്ക് ഒരുപാട് കോളുകള്‍ ലഭിച്ചു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com