പാട്ടും നൃത്തവുമായി... ‘ഒരുമിച്ച്’ മടക്കം; ടോക്യോ ഒളിംപിക്സിന് തിരശ്ശീല വീണു; ഇനി 2024ൽ പാരിസിൽ  

പാട്ടും നൃത്തവുമായി... ‘ഒരുമിച്ച്’ മടക്കം; ടോക്യോ ഒളിംപിക്സിന് തിരശ്ശീല വീണു; ഇനി 2024ൽ പാരിസിൽ  
ഒളിംപിക്സ് സമാപന ചടങ്ങിൽ നിന്ന്/ പിടിഐ
ഒളിംപിക്സ് സമാപന ചടങ്ങിൽ നിന്ന്/ പിടിഐ

ടോക്യോ: 18 ദിവസം നീണ്ട ലോക കായിക മാമാങ്കത്തിന് തിരശ്ശീല വീണു. ഇനി മൂന്ന് വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെ ടോക്യോ ഒളിംപിക്സിന് സമാപനം. ഇന്ത്യ പതിറ്റാണ്ടുകൾ കാത്തിരുന്ന ഒളിംപിക്സ് അത്‌ലറ്റിക്‌സ് മെഡൽ എന്ന സ്വപ്നം സ്വർണമാക്കി തന്നെ 23കാരൻ നീരജ് ചോപ്ര മാറ്റിയപ്പോൾ രാജ്യത്തിനും അഭിമാന നിമിഷം. ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തോടെ ഇന്ത്യ തലയുയർത്തിയാണ് മടങ്ങുന്നത്. ഒരു സ്വർണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ സ്വന്തമാക്കിയത്. 

ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായാണ് ഗെയിംസ് പൂർത്തിയാക്കുന്നത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക് 2024 ഒളിംപിക്സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്യോ ഒളിംപിക്സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഒരു വർഷം വൈകിയെങ്കിലും ഏറ്റവും മികച്ച രീതിയിൽത്തന്നെ സംഘടിപ്പിക്കപ്പെട്ട ഒളിംപിക്സിന്റെ പതിപ്പിനാണ് ടോക്യോയോയിൽ സമാപനമായത്. വർണശബളമായ അന്തരീക്ഷത്തിൽ പാട്ടും നൃത്തവുമെല്ലാം ഒത്തുചേർന്ന പരിപാടികളോടെയാണ് ജപ്പാൻ ലോകത്തിന്റെ വിവിധ ഭാങ്ങളിൽ നിന്നെത്തിയ കായിക താരങ്ങളെ യാത്രയാക്കിയത്. ഇനി ഒളിംപിക്സിന്റെ തുടർച്ചയായ പാരാലിംപിക്സിന് ഈ മാസം 24ന് ടോക്യോയോയിൽ തുടക്കമാകും. സെപ്റ്റംബർ അഞ്ചിന് സമാപനം.

കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്സ് ആപ്തവാക്യത്തിലേക്ക്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘ഒരുമിച്ച്’ എന്ന വാക്ക് കൂടി എഴുതി ചേർത്താണ് ടോക്യോ ഒളിംപിക്സിന് തിരശീല വീഴുന്നത്. സമാപന ചടങ്ങിൽ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്‌രംഗ് പുനിയയാണ് ഇന്ത്യൻ പതാക വഹിച്ചത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിൽ പങ്കെടുത്തില്ല.

ഇഞ്ചോടിഞ്ച് പൊരുതിയ ചൈനയെ പിന്തള്ളി ടോക്യോയിലും അമേരിക്ക തന്നെ ചാംപ്യൻ പട്ടം നിലനിർത്തി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക മെഡൽപ്പട്ടികയിൽ മുന്നിലെത്തുന്നത്. കഴിഞ്ഞ ഏഴ് ഒളിംപിക്സുകളിൽ ഒന്നാം സ്ഥാനം നേടുന്നത് ഇത് ആറാം തവണയും. 

റിയോയിൽ വൻ ലീഡിലായിരുന്നു അമേരിക്കയുടെ വിജയമെങ്കിൽ, ഇവിടെ ചൈന കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തെത്തി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്പാദ്യം. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com