രണ്ടാം ടെസ്റ്റിന് മുന്‍പ് തിരിച്ചടി; പരിക്കേറ്റ ശര്‍ദുളിന് കളിക്കാനായേക്കില്ല, ടീം കോമ്പിനേഷന്‍ വീണ്ടും തലവേദന

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് പ്ലേയിങ് ഇലവന്‍ സെലക്ഷന്‍ തലവേദന
ശര്‍ദുള്‍ താക്കൂര്‍/ഫോട്ടോ: ട്വിറ്റര്‍
ശര്‍ദുള്‍ താക്കൂര്‍/ഫോട്ടോ: ട്വിറ്റര്‍

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് പ്ലേയിങ് ഇലവന്‍ സെലക്ഷന്‍ തലവേദന. പരിക്കിനെ തുടര്‍ന്ന് ശര്‍ദുള്‍ താക്കൂറിന് രണ്ടാമത്തെ ടെസ്റ്റ് കളിക്കാനായേക്കില്ല എന്ന സ്ഥിതി വന്നതോടെയാണ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക ഉടലെടുത്തിരിക്കുന്നത്. 

ശര്‍ദുള്‍ താക്കൂര്‍ തിങ്കളാഴ്ച പരിശീലനത്തിനായി ലോര്‍ഡ്‌സില്‍ എത്തി. ജിമ്മില്‍ ഏതാനും സമയം ചിലവഴിക്കുകയാണ് ചെയ്തത്. ട്രെയ്‌നര്‍ നിക്ക് വെബ്ബും ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേലും ഇവിടെ ശര്‍ദുളിനെ നിരീക്ഷിച്ചു. 

നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം സീമറായാണ് ശര്‍ദുല്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ 13 ഓവര്‍ മാത്രം എറിഞ്ഞ് ശര്‍ദുള്‍ പിന്മാറിയതോടെയാണ് ഫിറ്റ്‌നസിനെ ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നത്. ശര്‍ദുളിന് രണ്ടാം ടെസ്റ്റ് നഷ്ടമായാല്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവും എന്ന ചോദ്യമാണ് ഉയരുന്നത്. 

വരണ്ട കാലാവസ്ഥയാവും ലോര്‍ഡ്‌സിലേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ സ്പിന്നിങ് ഓള്‍റൗണ്ടറായി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണോ, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാളെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണമോ എന്ന ചോദ്യമാണ് ഇന്ത്യക്ക് മുന്‍പില്‍ ഉയരുന്നത്. 

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ റിവേഴ്‌സ് സ്വിങ്ങിനും സീം മൂവ്‌മെന്റ്‌സിനും സാധ്യത കല്‍പ്പിക്കുന്നതിനാല്‍ പേസര്‍മാരില്‍ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കാണുന്നു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇറങ്ങിയ രീതി ഇഷ്ടപ്പെട്ടെന്നാണ് കോഹ് ലി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com