2-2ന് തകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്; പാകിസ്ഥാനെ 217ല്‍ ഒതുക്കിയിട്ടും ആശങ്ക 

പാകിസ്ഥാനെ 217 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 2-2 എന്ന ആശങ്കയിലേക്ക് വീണ് വെസ്റ്റ് ഇന്‍ഡീസ്
ഫോട്ടോ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്, ട്വിറ്റര്‍
ഫോട്ടോ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്, ട്വിറ്റര്‍

ജമൈക്ക: പാകിസ്ഥാനെ 217 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 2-2 എന്ന ആശങ്കയിലേക്ക് വീണ് വെസ്റ്റ് ഇന്‍ഡീസ്. റണ്‍ എടുക്കും മുന്‍പ് പവല്‍, ബോണര്‍ എന്നിവരെയാണ് മുഹമ്മദ് അബ്ബാസ് ഡ്രസിങ് റൂമിലേക്ക് മടക്കിയത്. 

നാല് ഓവറില്‍ രണ്ട് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ റോസ്റ്റന്‍ ചേസിനെ വിന്‍ഡിസ് നൈറ്റ് വാച്ച്മാനാക്കി ഇറക്കി. 12 വിക്കറ്റാണ് സബീന പാര്‍ക്കില്‍ ശനിയാഴ്ച വീണത്. ടോസ് നഷ്ടപ്പെട്ട പാകിസ്ഥാന്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ വിന്‍ഡിസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ജെയ്ഡന്‍ സീലെസും ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോച്ച് രണ്ട് വിക്കറ്റും മെയ്‌റസ് ഒരു വിക്കറ്റും വീഴ്ത്തിയതോടെ പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 217ല്‍ അവസാനിച്ചു. 

56 റണ്‍സ് എടുത്ത ഫവദ് അലം ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 30 റണ്‍സും മുഹമ്മദ് റിസ്വാന്‍ 23 റണ്‍സും ഫഹീം അഷ്‌റഫ് 44 റണ്‍സും നേടി. 215 റണ്‍സ് ആണ് വിന്‍ഡിസ് ഇനി ഒന്നാം ഇന്നിങ്‌സില്‍ മറികടക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com