സിമോണ്‍ ബൈല്‍സിനെ നിങ്ങള്‍ ആഘോഷിക്കുന്നു, എനിക്ക് മത്സരിക്കാന്‍ വയ്യെന്ന് പറഞ്ഞാലോ? ആഞ്ഞടിച്ച് വിനേഷ് ഫോഗട്ട്

എന്നെ തന്നെ ഞാന്‍ ഗുസ്തിക്ക് സമര്‍പ്പിച്ചതാണ്. എന്നാലിപ്പോള്‍ ഗുസ്തി നിര്‍ത്തിയാലോ എന്ന് ഞാന്‍ ചിന്തിച്ചു പോവുന്നു
വിനേഷ് ഫോഗട്ട്/ഫോട്ടോ: ട്വിറ്റര്‍
വിനേഷ് ഫോഗട്ട്/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിലെ ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ മാനസികാരോഗ്യത്തിലേക്ക് ചൂണ്ടി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. 2019ല്‍ തനിക്ക് വിഷാദ രോഗം സ്ഥിരീകരിച്ചിരുന്നതായാണ് വിനേഷ് പറയുന്നത്. 

ഏറെ നാള്‍ ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നെ തന്നെ ഞാന്‍ ഗുസ്തിക്ക് സമര്‍പ്പിച്ചതാണ്. എന്നാലിപ്പോള്‍ ഗുസ്തി നിര്‍ത്തിയാലോ എന്ന് ഞാന്‍ ചിന്തിച്ചു പോവുന്നു. അങ്ങനെ ചെയ്താല്‍ പൊരുതാതെ കീഴടങ്ങുന്നത് പോലെയാവും. എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്. പുറത്ത് നിന്നുള്ള പലരും എന്റെ വിധി എഴുതി കഴിഞ്ഞു, വിനേഷ് പറയുന്നു. 

ഒരു മെഡല്‍ നഷ്ടത്തിന്റെ പേരില്‍ അവര്‍ എനിക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്നു. കൂടെയുള്ളവര്‍ എന്ത് പറ്റിയെന്ന് ചോദിക്കില്ല. കുറ്റപ്പെടുത്തലാണ് സഹതാരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. മറ്റെല്ലാ കായിക താരങ്ങളേയും പോലെ കടുത്ത സമ്മര്‍ദത്തിലൂടെയാണ് ഒളിംപിക് വേദിയില്‍ ഞാനും കടന്നു പോയത്. അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. സമ്മര്‍ദം കൊണ്ട് ഞാനൊരിക്കലും തോറ്റ് പോയിട്ടില്ല. 

സിമോണ്‍ ബൈല്‍സിനെ നമ്മള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ ഞാന്‍ തയ്യാറല്ലെന്ന് ഇവിടെ പറഞ്ഞാല്‍ ഇവിടുത്തെ അവസ്ഥ എന്താവും. മത്സര രംഗത്തേക്ക് ഞാന്‍ ഇനി ചിലപ്പോള്‍ മടങ്ങി വന്നേക്കില്ല. എന്റെ ശരീരം തളര്‍ന്നിട്ടില്ല. എന്നാല്‍ മനസാകെ തളര്‍ന്നിരിക്കുന്നു, വിനേഷ് പറയുന്നു. 

ടോക്യോ ഒളിംപിക്‌സിന് ഇടയില്‍ അച്ചടക്ക ലംഘനം കാണിച്ചെന്ന് കാണിച്ച് വിനേഷിനെ ദേശിയ ഗുസ്തി ഫെഡറേഷന്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്ര ചെയ്തില്ല. മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സറുടെ ലോഗോ ജേഴ്‌സിയില്‍ ധരിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിയാണ് വിനേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com