'ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയല്ല'; വിവിഎസ് ലക്ഷ്മണ്‍ വിരല്‍ ചൂണ്ടുന്നത് ഇവരിലേക്ക് 

ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ് ആണ് എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍
രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം
രവീന്ദ്ര ജഡേജ/ഫയല്‍ ചിത്രം

ലണ്ടന്‍: രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവ് കണ്ട് പഠിക്കാനാണ് അടുത്തിടെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ ഇംഗ്ലണ്ടിലെ വളര്‍ന്ന് വരുന്ന കളിക്കാരോട് പറഞ്ഞത്. എന്നാല്‍ ടെസ്റ്റിലെ നിലവിലെ മികച്ച ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജയെ ഒന്നാം സ്ഥാനത്ത് നിര്‍ത്താന്‍ തയ്യാറല്ല മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 

ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ് ആണ് എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. രണ്ടാം സ്ഥാനത്തേക്ക് വരുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡര്‍. മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജ എന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 

പ്ലേയിങ് ഇലവനിലേക്ക ബാറ്റ്‌സ്മാനോ ബൗളറോ ആയി ഫസ്റ്റ് ചോയിസ് ആയി വരുന്ന താരത്തെയാണ് ലോകോത്തര ഓള്‍റൗണ്ടറായി ഞാന്‍ കാണുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജ അങ്ങനെ അല്ല. ബെന്‍ സ്റ്റോക്ക്‌സ് ഇംഗ്ലണ്ട് നിരയിലേക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായും വരുന്ന താരമാണ്. 

ഹോള്‍ഡറെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി പരിഗണിച്ചില്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബൗളറായി ടീമിലെത്തും. എന്നാല്‍ ജഡേജയുടെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാണിച്ചു. ജഡേജയുടെ സമീപനത്തില്‍ ഏറെ മാറ്റം വന്നതായാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ജഡേജയ്ക്ക് കൂടുതല്‍ മികവ് കണ്ടെത്താനാവുന്നു എന്നും ലക്ഷ്മണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com