ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷ? ചെറുത്തു നിന്ന റൂട്ടിനെ വീഴ്ത്തി ബുമ്‌റ; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷ? ചെറുത്തു നിന്ന റൂട്ടിനെ വീഴ്ത്തി ബുമ്‌റ; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച
ജോ റൂട്ടിനെ വീഴ്ത്തിയ ബുമ്റയുടെ ആഹ്ലാദം/ ട്വിറ്റർ
ജോ റൂട്ടിനെ വീഴ്ത്തിയ ബുമ്റയുടെ ആഹ്ലാദം/ ട്വിറ്റർ

ലോര്‍ഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 272 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് തകര്‍ച്ച. 68 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട് പരുങ്ങുകയാണ്. ജോസ് ബട്‌ലര്‍- മൊയിന്‍ അലി എന്നിവരാണ് നിലവില്‍ ക്രീസില്‍. 

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 364 റണ്‍സെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 391 റണ്‍സാണ് കണ്ടെത്തിയത്. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായി. ഓപണര്‍മാര്‍ രണ്ട് പേരും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് പവലിയനില്‍ തിരിച്ചെത്തി. റോറി ബേണ്‍സിനെ ബുമ്‌റയും ഡോം സിബ്‌ലിയെ മുഹമ്മദ് ഷമിയും സംപൂജ്യരായി മടക്കി. ഹസീബ് ഹമീദ് (ഒന്‍പത്), ക്യാപ്റ്റന്‍ ജോ റൂട്ട് (33), ജോണി ബെയര്‍സ്‌റ്റോ (രണ്ട്) എന്നിവരാണ് പുറത്തായത്. 

ബുമ്‌റ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് ഷമി സ്വന്തമാക്കി. 

നേരത്തെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്‍പതാമനായി ക്രീസിലെത്തിയ ബൗളര്‍ മുഹമ്മദ് ഷമി അര്‍ധ സെഞ്ച്വറി നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ലീഡ് 200 കടക്കുമോ എന്ന സംശയമുയര്‍ന്നെങ്കിലും വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പ് ഇന്ത്യക്ക് കരുത്തായി. 

70 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സുമായി ഷമിയും ഒപ്പം 34 റണ്‍സുമായി കട്ടയ്ക്ക് പിന്തുണച്ച് ജസ്പ്രിത് ബുമ്‌റയുമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന നില സമ്മാനിച്ചത്. ഇരുവരുടേയും ബാറ്റിങ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിക്കുന്നതായി. ഇരുവരും പുറത്താകാതെ നിന്നു. 

അജിന്‍ക്യ രഹാനെ (61), ചേതേശ്വര്‍ പൂജാര (45), ഋഷഭ് പന്ത് (22), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20), രോഹിത് ശര്‍മ (21), ഇഷാന്ത് ശര്‍മ (16), കെഎല്‍ രാഹുല്‍ (അഞ്ച്), രവീന്ദ്ര ജഡേജ (മൂന്ന്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ നേടി. മൊയീന്‍ അലി രണ്ട് വിക്കറ്റുകളും സാം കറന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com